നമ്മുടെ തീൻ മേശയിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത വിഭവങ്ങളാണ് ചപ്പാത്തിയും ദോശയും ഇറ്റലിയും ചിലപ്പോഴെല്ലാം പൊറോട്ടയും.
ഈ വിഭവങ്ങളെല്ലാം’ റെഡി ടു ഈറ്റി’ലും ‘റെഡി ടു കുക്കി’ലും നമ്മുടെ മുന്നിൽ എത്തിച്ച ഒരു സംരംഭമാണ് ‘ഹോം സ്പ്രിംഗും’ അതിൻറെ സംരംഭകൻ ജസ്റ്റ്ലക്ക് പീറ്ററും. പരാജയങ്ങളിൽനിന്നും കടത്തിന്റെ കാണാക്കയത്തിൽനിന്നുമാണ് ഈ സംരംഭകൻ വിജയത്തിലേക്ക് വെന്നിക്കൊടി പാറിച്ചത്.
എറണാകുളം സ്വദേശിയാണ് ജസ്റ്റ്ലക്ക് പീറ്റർ. ജീവിതത്തിൽ ഇന്നുവരെ ആരുടെ കീഴിലും ജോലി ചെയ്തിട്ടില്ല. എന്തെങ്കിലും ജോലിക്ക് പോകാൻ വീട്ടുകാരൊട്ടു പറഞ്ഞിട്ടുമില്ല. ചെറുപ്പം മുതലേ പൈസ ഉണ്ടാക്കണം, സ്വന്തംകാലിൽ നിൽക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു സംരംഭകൻ കുഞ്ഞിലെ തൊട്ട് മനസ്സിൽ കടന്നു കൂടിയിട്ടുണ്ടായിരുന്നു. ആദ്യ സംരംഭം തുടങ്ങുന്നത് ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പണ്ട് വിസിആറും വിസിപിയും ഉള്ള കാലത്ത് കാസറ്റ് റെക്കോർഡ് ചെയ്തു കൊടുത്ത് 10 രൂപ ലാഭം നേടുന്നതായിരുന്നു ആദ്യത്തെ പരിപാടി.
വീട്ടിൽ ആരും നേരിട്ട് ബിസിനസ് രംഗത്തില്ല. ബിസിനസുകാരനായ ഒരു അങ്കിൾ ഉണ്ടായിരുന്നു; അദ്ദേഹമാണ് പ്രചോദനമായി നിന്നത്. സെൻറ് ആൽബർട്ടിൽ നിന്നായിരുന്നു ഡിഗ്രി. ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ചെറിയൊരു ഷോപ്പ് എടുത്ത് ഡ്രസ്സ് വിൽക്കാൻ തുടങ്ങിയത്. അന്ന് ഇരുപതിനായിരം രൂപ ലാഭമുണ്ടാക്കി. ആ ഇരുപതിനായിരം രൂപ വീണ്ടും ബിസിനസ്സിൽ തന്നെ ഇറക്കി. അതിൽ നിന്ന് ലാഭം ഇല്ലെങ്കിലും ചിലവ് നടന്നുപോയി.
പിന്നീട് ഡിഗ്രിക്ക് ശേഷം മറ്റൊരു ഷോപ്പ് തുടങ്ങി, ബോംബെയിൽ നിന്നും ചെന്നൈയിൽ നിന്നും ട്രെൻഡിയായ വസ്ത്രങ്ങൾ കൊണ്ടുവന്ന വിൽക്കുന്ന ഒരു ഷോപ്പ് ആയിരുന്നു അത്. നന്നായി തന്നെ ബിസിനെസ്സ് മുന്നോട്ട് പോയി. എറണാകുളത്ത് അങ്ങോളമിങ്ങോളമായി 7 കടകൾ തുടങ്ങി. ആദ്യം വൻ ലാഭം ആയിരുന്നെങ്കിലും 2007ൽ എല്ലാം നഷ്ടത്തിലായി; 50 ലക്ഷത്തിന്റെ കടത്തിൽ ഷോപ്പുകൾ എല്ലാം അടച്ചു പൂട്ടേണ്ടി വന്നു. 27 വയസ്സിൽ വലിയൊരു തുകയ്ക്ക് കടവും ബിസിനെസ്സ് പരാജയവും നേരിടേണ്ടിവന്നു. മരിക്കാൻ പോലും തീരുമാനിച്ച അവസരം ആയിരുന്നു അത്.
എന്നാൽ വീട്ടിൽ നിന്നും മാറി നിന്ന് ബിസിനസ് ചെയ്യാൻ ഒട്ടും താല്പര്യമില്ലായിരുന്ന ഒരു ബിസിനസുകാരനായിരുന്നു ജസ്റ്റ്ലക്ക് പീറ്റർ.
എന്നാൽ ഇതിനൊന്നും തന്നെ ജസ്റ്റ്ലക്ക് പീറ്ററിനെ തോൽപ്പിക്കാനായില്ല. ഒരു വർഷത്തിനുള്ളിൽ ജസ്റ്റ്ലക്ക് പീറ്റർ എല്ലാം പഴയപടിയിലേക്ക് എത്തിച്ചു. ആ സമയത്ത് റിയൽ എസ്റ്റേറ്റ് ബിസിനസായിരുന്നു കൂട്ടായിരുന്നത്. പിന്നീട് ബാംഗ്ലൂരിൽ പോയി ഒരു വസ്ത്രം നിർമ്മാണ യൂണിറ്റ് തുടങ്ങി. ഷർട്ടിന്റെ ഒരു പുതിയ ബ്രാൻഡ് സ്ഥാപിച്ചു.
ബാംഗ്ലൂരിലെ ബിസിനസ് എല്ലാം ഒരു സുപ്രഭാതത്തിൽ നിർത്തി നാട്ടിൽ വന്നു താമസമാക്കി. ജസ്റ്റ്ലക്ക് പീറ്ററിന് കേരളം വിട്ടു പോകാൻ താല്പര്യമില്ലായിരുന്നു, അതിനാൽ ജനിച്ചു വളർന്ന നാട്ടിൽ തന്നെ വീണ്ടും ഒരു സംരംഭം തുടങ്ങി. അതൊരു വസ്ത്ര വ്യാപാരമായിരുന്നില്ല. തുണിയുമായി യാതൊരു ബന്ധവുമില്ലാത്ത ഫുഡ് ഇൻഡസ്ട്രിയൽ ആയിരുന്നു പുതിയ ചുവടുവെപ്പ്.
2010 ചെറിയ മൂലധനം മുടക്കി കൈ കൊണ്ട് ഉണ്ടാക്കുന്ന ചപ്പാത്തിയും പൊറോട്ടയും പാക്കറ്റിൽ ആക്കി വിൽക്കാൻ തുടങ്ങി. ‘റെഡി ടു ഈറ്റ്’ അന്ന് അത്ര പ്രാചാരത്തിൽ ഇല്ലായിരുന്നു. അത്തരം ഒരു സംരഭം തുടങ്ങിയപ്പോൾ അതിനെ പരിഹസിച്ച ആളുകൾ ആയിരുന്നു അധികവും. ഭാര്യ ബ്ലസി അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. ഭാര്യയുടെ സപ്പോർട്ട് ആയിരുന്നു മുന്നോട്ട് പോകാൻ സഹായിച്ചത്.
ആദ്യത്തെ ആറുമാസം നഷ്ടത്തിലായിരുന്നു. നിർത്തി പോയാലോ എന്നുവരെ ആലോചിച്ചു എങ്കിലും ഒരു പരാജയം കൂടി എല്ലാവരെയും അറിയിക്കാൻ ജസ്റ്റ്ലക്ക് ആഗ്രഹിച്ചില്ല. നനഞ്ഞിറങ്ങിയത് കൊണ്ട് തന്നെ ഒരു മൂന്നുമാസം കൂടി നോക്കാൻ തീരുമാനിച്ചു. മാർക്കറ്റിംഗ് ശക്തമാക്കി. റിലയൻസുമായി ഒരു ഡീലിൽ പാലക്കാട് ഒരു യൂണിറ്റ് സ്ഥാപിച്ചു വിതരണം തുടങ്ങി. അങ്ങനെ അതിൽ നിന്ന് ലാഭം കിട്ടാൻ തുടങ്ങി. ആറുമാസത്തിനുള്ളിൽ എല്ലായിടത്തും ‘ഹോം സ്പ്രിങ്’ എത്തി. പാക്കറ്റിൽ പൊറോട്ടയും ചപ്പാത്തിയും ആണ് ആദ്യസമയത്ത് നൽകിയിരുന്നത്. പിന്നീട് വീറ്റ് പൊറോട്ടയും പപ്പടവും അടക്കം വിവിധ ഫുഡ് പ്രോഡക്ടുകൾ ‘ഹോം സ്പ്രിങ്’ന്റേതായി മാർക്കറ്റിൽ എത്തി. റെഡി ടു ഈറ്റി’ൽ നിന്നും ‘റെഡി ടു കുക്കി’ലേക്കും സംരംഭം മാറി. നല്ല ക്വാളിറ്റി നിലനിർത്തുന്നത്കൊണ്ട് തന്നെ ഏതൊരു സാധനവും നന്നായി തന്നെ വിൽക്കാനും മാർക്കറ്റിൽ മുന്നേറാനും സാധിച്ചു.
ഇന്ന് കേരളത്തിൽ 500 ഓളം കടകളിൽ ‘ഹോം സ്പ്രിങ്ങി’ന്റെ പ്രോഡക്ടുകൾ ലഭ്യമാണ്. നൂറോളം പേർക്ക് തൊഴിൽ നൽകുന്നുണ്ട്. ‘വിജയിക്കണമെങ്കിൽ ഏറ്റവും ആവശ്യം നല്ല ക്വാളിറ്റിയുള്ള പ്രോഡക്റ്റ് കൊടുക്കുക എന്നതാണ്. അതുപോലെ തന്നെയാണ് കസ്റ്റമർ സർവീസും. എപ്പോഴും എന്ത് പ്രശ്നമുണ്ടായാലും പരിഹരിക്കാൻ നമ്മൾ കൂടെ ഉണ്ടായിരിക്കുമെന്ന് ഒരു വിശ്വാസമുണ്ടായാൽ ആളുകൾ കൂടെ നിൽക്കും. പരാജയങ്ങൾ ജീവിതത്തിൻറെ ഭാഗമാണ്. ജീവിതത്തിന്റെ യാത്രയിൽ പ്രശ്നങ്ങളാണ് കൂടുതലും. എന്നാൽ അതിൽ തോൽക്കാൻ തയ്യാറല്ലാതിരിക്കുക എന്നതാണ് വിജയത്തിന് ആവശ്യമായ ഏറ്റവും വലിയ കാര്യം.’ അതിലുറച്ച് വിശ്വസിക്കുന്ന ജസ്റ്റ്ലക്ക് പീറ്ററും ഹോം സ്പ്രിംഗ് അതിൻറെ ജൈത്രയാത്ര തുടരുന്നു.