പാലക്കാടിനും മലപ്പുറത്തിനും ഇടയിലുള്ള പട്ടാമ്പിക്കാരൻ ഷമീർ ഉമർ, തൊഴിൽ തേടി ദുബായിൽ എത്തിയ പതിനായിരത്തിലധികം പേർക്ക് തൊഴിൽ നേടിക്കൊടുത്ത കഥ; Bathool.com ചരിത്രം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
പ്ലസ്ടു പഠനത്തിന് ശേഷം ബി.കോമിന് ചേർന്നെങ്കിലും പൂർത്തിയാക്കാൻ ഷമീറിന് സാധിച്ചില്ല. ആ സമയത്ത് സിപിടി പാസായിട്ടുണ്ടായിരുന്നു. പിന്നീട് സി.എ പഠനത്തിന് ചേർന്നെങ്കിലും ചില സാഹചര്യങ്ങളാൽ പഠനം ഉപേക്ഷിച്ച് ജോലി നോക്കേണ്ടിവന്നു. അതിനു വേണ്ടി ഒരു സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് പഠിച്ചു. അതിനുശേഷം ബാംഗ്ലൂരിൽ പോയി ജോലി അന്വേഷിച്ചെങ്കിലും ജോലിയൊന്നും കിട്ടിയില്ല.
നാട്ടിലേക്ക് തിരിച്ചെത്തി ടെയ്ലറിങ്, ഷവർമ്മ മേക്കർ, യൂണിയൻ തൊഴിൽ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്തു. ആ സമയത്താണ് ഇംഗ്ലീഷ് പഠിച്ച സ്ഥാപനത്തിൽ തന്നെ പഠിപ്പിക്കാൻ ഒരു അവസരം വന്നത്. 14 ദിവസത്തെ ഒരു കോഴ്സ് വീണ്ടും ചെയ്തതിനുശേഷം ആ സ്ഥാപനത്തിൽ തന്നെ സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ആയി ജോലിക്ക് കയറി. അവിടെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വിവിധ സ്ഥലങ്ങളിൽ, പല സ്ഥാപനങ്ങളിൽ, നിരവധി പേർക്ക് ട്രെയിനിങ്ങും ക്ലാസുകളും എടുക്കാൻ ഷമീറിന് കഴിഞ്ഞു. വിദേശത്തുവരെ ക്ലാസുകൾ എടുക്കാൻ ഷമീർ പോയിട്ടുണ്ടായിരുന്നു.
പിന്നീട് സ്വന്തമായി സ്പോക്കൺ ഇംഗ്ളീഷ് അക്കാദമി ആരംഭിച്ചെങ്കിലും അത് പാർട്ണറെ ഏൽപ്പിച്ച് വിദേശത്തേക്ക് ജോലിക്കായിപ്പോകേണ്ടിവന്നു. ഒരു അറബിക് കമ്പനിയിൽ ജോലിക്ക് കയറി. ആ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ സ്വന്തമായി തന്നെ എന്തുകൊണ്ട് സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ് നൽകിക്കൂടാ എന്ന് ചിന്ത വന്നു. അങ്ങനെ ഫ്രീലാൻസായി ട്രെയിനിങ് നൽകാൻ തുടങ്ങി. എന്നാൽ അതിലും ഉറച്ചു നിൽക്കാൻ ഷമീറിന് സാധിച്ചില്ല.
വീണ്ടും മറ്റൊരു താരതമ്യേനെ ചെറിയൊരു കമ്പനിയിൽ എച്ച് ആർ എക്സിക്യൂട്ടീവ് ആയി ജോലിക്ക് കയറി. അന്ന് കുറച്ചു കടങ്ങളും കുടുംബ പ്രാരാബ്ദങ്ങളും ഉണ്ടായിരുന്നു. അതിൽ നിന്ന് എങ്ങിനെയെങ്കിലും കരകയറുക എന്നതായിരുന്നു ഏകലക്ഷ്യം.
അതിനാൽ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ജോലി ചെയ്തു. രണ്ടു വർഷത്തിനുള്ളിൽ നാല് പ്രമോഷൻ കിട്ടി. എച്ച് ആർ എക്സിക്യൂട്ടീവിൽ നിന്ന് ഗ്രൂപ്പ് എച്ച് ആർ മാനേജർ ആയി ഉയർന്നു.
അവിടെ ജോലി ചെയ്യുമ്പോഴാണ് ജോലിക്ക് വേണ്ടി പലരും ഷമീറിനെ സമീപിക്കുകയും സി വി നൽകിപോകുകയുമൊക്കെ സംഭവിക്കുന്നത്. ജോലി ചെയ്യുന്ന കമ്പനിയിൽ കുറച്ച് ആളുകളെ മാത്രമേ നിയമിക്കാൻ ആകൂ. അപ്പോൾ ബാക്കിയുള്ളവർക്ക് എങ്ങനെ ജോലി കണ്ടെത്തി കൊടുക്കാം എന്ന ഒരു ചിന്ത ഷമീറിൻറെ മനസ്സിൽ ഉണ്ടായി. ജോലി അന്വേഷിക്കുന്നവരെയും കമ്പനികളിലെ എച്ച് ആർ മാനേജർമാരെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ ആകുമെന്ന് ഷമീർ മനസ്സിലാക്കി. അതിനായി ടെക്നോളജിയുടെ സഹായവും പ്രയോജനപ്പെടുത്തി Bathool.com എന്ന പേരിൽ ഒരു വെബ്സൈറ്റ് തുടങ്ങി.
Bathool.com ജോലി അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുകയും, ഒറ്റ ക്ലിക്കിൽ ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ തൊഴിലന്വേഷകരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇതിലെ വിപുലമായ തൊഴിലുടമകളുടെ ശൃംഖല, തൊഴിലന്വേഷകർക്ക് വിശാലമായ തൊഴിലവസരങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കുന്നു.
ഗൾഫിൽ ജോലി അന്വേഷിച്ചു വരുന്നവർക്ക് പത്തുപതിനഞ്ചു മിനിറ്റ് കൊണ്ട് ഈ വെബ്സൈറ്റിൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. ജോലിക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ അന്വേഷകൻ പിന്നീട് ഒന്നും ചെയ്യേണ്ടതില്ല. ഒരു ഓട്ടോമാറ്റിക് സിസ്റ്റത്തിലൂടെ ജോലിക്ക് അപേക്ഷിച്ച ആളുടെ ആഗ്രഹത്തിന് അനുസരിച്ച് സൗകര്യമുള്ള ലൊക്കേഷനിലെ ഇഷ്ടമുള്ള ഇൻഡസ്ടറിയിലെ കമ്പനികളിലേക്ക് സിവിയും സർട്ടിഫിക്കേറ്റും കവറിംഗ് ലെറ്റർ അടക്കം ജോലി ലഭ്യമാകുന്നതിനു സഹായിക്കുന്ന എല്ലാം അയച്ചു നൽകും. ജോലി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യും.
യുഎഇയിലെ 45 ഇൻഡസ്ട്രീസ് ഇന്ന് വെബ്സൈറ്റിലുണ്ട്. 20,000 ൽ അധികം എച്ച് ആർ മാനേജർമാരുമായി സ്ഥാപനത്തിന് ബന്ധങ്ങളുണ്ട്. അതിൽനിന്ന് തിരഞ്ഞെടുത്തു ഏത് മേഖലയിലും ജോലിക്ക് അപേക്ഷിക്കാം. 1500 രൂപയോളം മാത്രമേ സർവീസ് ചാർജ് ഈടാക്കുന്നുള്ളൂ. ഇന്ന് 10,500 പേർക്ക് തൊഴിൽ കണ്ടെത്തി നല്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇനി സൗദിയിലേക്കും ഖത്തറിലേക്കും ഒമാനിലേക്കും വ്യാപിപ്പിക്കാനുള്ള പരിപാടിയിലാണ് ഷമീർ. അതിനുള്ള ഡാറ്റാബേസ് തയ്യാറാണ്. ഇന്ന് തൊഴിൽ ബോർഡുകളുടെയും റിക്രൂട്ട്മെന്റ് ഏജൻസികളുടെയും കടലിനു നടുവിൽ, Bathool.com തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും ഒരു വിശ്വസനീയവും പ്രതീക്ഷയുമുള്ള ഉറവിടമായി ഉയർന്നുനിൽക്കുന്നു.