ഇന്ന് ഒരുപാട് വിദ്യാർത്ഥികളുടെ ആഗ്രഹമാണ് വിദേശരാജ്യങ്ങളിൽ പോയി പഠിക്കണം എന്നത്. ശരിയായ അറിവും പരിചയവും ഇല്ലെങ്കിൽ പലപ്പോഴും പുറം രാജ്യങ്ങളിലേക്കുള്ള പോക്കും അവിടത്തെ ജീവിതവും പ്രശ്നത്തിലാകും. വിദേശരാജ്യങ്ങളിൽ ചേക്കേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന, വിദേശരാജ്യ പഠനം എന്ന ആഗ്രഹം സാധ്യമാക്കുന്ന ദമ്പതികളാണ് ലോഷിദ് ലോഹിയും കൃഷ്ണപ്രിയയും അവരുടെ എഡ്യൂവെൽറ്റും.
തൃശ്ശൂർക്കാരായ ലോഷിദും കൃഷ്ണപ്രിയയും എൻജിനീയറിങ്ങാണ് പഠിച്ചത്. ലോഷിദ് മാസ്റ്റേഴ്സ് ചെയ്തത് യുകെയിൽ ആയിരുന്നു. എന്നാൽ അവിടെ തുടരാൻ സാധിക്കുമായിരുന്നില്ല. അതിനാൽ പഠനം പൂർത്തിയാക്കിയതിനു ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. വിവാഹം ഉറപ്പിച്ചിരുന്നതിനാൽ തന്നെ ജോലി അത്യാവശ്യമായിരുന്നു. അടുത്തുള്ള എൻജിനീയറിങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലിക്ക് കയറി. കുറഞ്ഞ സാലറിയിലെ ആ ജോലി വിവാഹത്തിന് ശേഷം ഉപേക്ഷിച്ചു ഖത്തറിൽ പോയി. അവിടുത്തെ മെട്രോയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യാൻ തുടങ്ങി. അവിടെയും കുറച്ചുനാൾ മാത്രമേ ജോലി ചെയ്യാൻ കഴിഞ്ഞുള്ളൂ. ആ പ്രോജക്ട് തീർന്നപ്പോൾ നാട്ടിലേക്ക് മടങ്ങി പോരേണ്ടിവന്നു.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടിവന്ന ഒരു സമയമായിരുന്നു അത്. ലോഷിദിന്റെ അച്ഛന് ബിസിനസ് ആയിരുന്നു. ആ ബിസിനസ് തകർച്ചയുടെ വക്കിലെത്തി. അനിയത്തിയുടെ വിവാഹം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു, അമ്മ ക്യാൻസർ രോഗി ആവുകയും അതിനുള്ള ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവാക്കേണ്ടി വരികയും ചെയ്തു. കടങ്ങളും വിദ്യാഭ്യാസ ലോണും ലോഷിദിനെ ഞെരുക്കി.
അച്ഛൻറെ ബിസിനസ് തകർച്ച കണ്ടതിനാൽ തന്നെ വീണ്ടും ബിസിനസ് എന്ന ഒരു ചിന്ത പോലും ലോഷിദിന് ഉണ്ടായിരുന്നില്ല. എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുക എന്നതായിരുന്നു മനസ്സിൽ. എന്നാൽ ലോണുകളും സാമ്പത്തിക പ്രതിസന്ധികളും വന്നപ്പോൾ ഗവർമെൻറ് ജോലി കിട്ടിയാൽ പോലും ഒന്നും ആവില്ലെന്ന് തിരിച്ചറിവുണ്ടായി. ആ തിരിച്ചറിവിൽ നിന്ന് വീണ്ടും ബിസിനസിലേക്ക് തന്നെ ഇറങ്ങാൻ തീരുമാനിച്ചു. ആ സമയം കൃഷ്ണപ്രിയ ഒരു കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലി നോക്കുകയായിരുന്നു.
അലങ്കാര മത്സ്യകൃഷിയായിരുന്നു ആദ്യ സംരംഭം. അലങ്കാര മത്സ്യങ്ങൾക്ക് ആവശ്യമായതെല്ലാം സെറ്റ് ചെയ്ത് വളർത്താൻ തുടങ്ങിയെങ്കിലും വിൽക്കാറാകുമ്പോഴേക്കും മീനുകളെല്ലാം ചത്തുപോയി.
അങ്ങനെ ആദ്യ ബിസിനസ്സിൽ തന്നെ പരാജയം നേരിട്ടു. തോറ്റുപിന്മാറിയില്ല, അടുത്ത ബിസിനസ് തുടങ്ങി. ലക്ഷദ്വീപിൽ നിന്ന് ഭക്ഷ്യയോഗ്യമായ മീൻ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു അത്. എട്ടൊമ്പത് ലക്ഷം നിക്ഷേപം അതിന് ആവശ്യമായിരുന്നു. വീണ്ടും ലോണെടുത്തു. ചില പാർട്ണർസ് കൂടി ബിസിനസ്സിലേക്ക് വന്നു.
ആ സമയം തന്നെ പുറത്തുപോയി പഠിക്കുന്നതിനെക്കുറിച്ച് ലോഷിദ് ആലോചിച്ചു. ഇപ്രാവശ്യം ജർമ്മനിയായിരുന്നു തിരഞ്ഞെടുത്തത്. ജർമനിയിൽ പബ്ലിക് യൂണിവേഴ്സിറ്റിയിൽ ഫ്രീയായി പഠിക്കാം. ഒരു സുഹൃത്ത് വഴി ജർമ്മനിയിലെ പേപ്പർ വർക്കുകൾ എല്ലാം ശരിയാക്കി, വിസക്ക് അപ്ലൈ ചെയ്തു, അപ്പോഴാണ് കൊറോണ വന്നത്. ലക്ഷദ്വീപിലെ മീൻ എടുക്കാൻ പോയ ബോട്ട് അവിടെ തടയപ്പെട്ടു. ജർമ്മൻ വിസ നടപടികൾ എംബസി അടച്ചതിനാൽ തുടരാൻ കഴിയാതെ തിരിച്ചുവന്നു. പൈസയെല്ലാം നഷ്ടമായി.
ആസമയം മറ്റൊരു ദുരന്തം കൂടി ലോഷിദിന്റെയും കൃഷ്ണപ്രിയയുടെയും ജീവിതത്തിൽ സംഭവിച്ചു. എല്ലാ കാര്യങ്ങൾക്കും താങ്ങും തണലുമായിരുന്ന കൃഷ്ണപ്രിയയുടെ അച്ഛൻ അകാലത്തിൽ അവരെ വിട്ടുപോയി. രണ്ടു കുടുംബങ്ങളുടെയും ബാധ്യത, കടത്തിന്മേൽ കടം, ബിസിനസ് തകർച്ച, കൊറോണ, എല്ലാം അവസാനിച്ചു എന്ന സ്ഥിതിയിലായി.
വീണ്ടും തോൽക്കാൻ നില്കാതെ അടുത്തത് എന്തെന്ന് ലോഷിദ് ആലോചിച്ചു. ജർമ്മനിയിലേക്ക് പോകാനുള്ള പേപ്പർ വർക്കുകൾ എല്ലാം സ്വയം ചെയ്തതിൽ നിന്ന് ഒരു ധൈര്യം വന്നു. ജർമ്മനിയിലെ സുഹൃത്തിന്റെ സഹായത്തോടെ ജർമ്മനിയിലേക്ക് വിദ്യാർത്ഥികളെ അയക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ച് കൂടുതലായി പഠിച്ചു. നാലുമാസം ഇതിനുവേണ്ടി തന്നെ ചിലവഴിച്ചു.
ജർമനിയിൽ 230ലധികം യൂണിവേഴ്സിറ്റുകളുണ്ട്. അവിടത്തെ കോഴ്സുകൾ, ഡെഡ്ലൈൻ, റികൊയർമെന്റുകൾ എല്ലാത്തിനെക്കുറിച്ചും പഠിച്ച് എഡ്യൂവെൽറ്റ് എന്ന പേരിൽ ഒരു കൺസൾട്ടൻസി തുടങ്ങി. സ്വന്തമായി തന്നെ ലോഗോ ഉണ്ടാക്കി, ഒരു പോസ്റ്ററും ഉണ്ടാക്കി സോഷ്യൽ മീഡിയയിലിട്ടു. അതിലൂടെ ആദ്യത്തെ രണ്ട് ക്ലൈൻസിനെ കിട്ടി. അവരെ രണ്ടുപേരെയും ജർമ്മനിയിലേക്ക് വേഗം തന്നെ അയക്കാൻ കഴിഞ്ഞു. വീടിനു മുന്നിലെ കടമുറി കൺസൾട്ടൻസി ഓഫീസായി മാറ്റി ബിസിനെസ്സ് തുടങ്ങി.
ഇന്ന് 800ലധികം പേർ എഡ്യൂവെൽറ്റിന്റെ സഹായത്തോടെ ജർമ്മനിയിലേക്ക് പോയി, അവിടുത്തെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ട്. ജർമനിയിൽ പഠിക്കാൻ ജർമൻ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല. 80 ശതമാനം പബ്ലിക് യൂണിവേഴ്സിറ്റികളിലും ഇംഗ്ലീഷ്റ്റോട്ട് പ്രോഗ്രാമുകളുണ്ട്. അവിടെ പഠിക്കാൻ ഐൽറ്റിഎസ് ഉണ്ടായാൽ മതി. മാർക്കുള്ളവർക്ക് മാത്രമല്ല കുറഞ്ഞവർക്കും ചെയ്യാവുന്ന പ്രോഗ്രാമുകളും ജർമൻ യൂണിവേഴ്സിറ്റികളിലുണ്ട്. ജർമ്മനിയിൽ പബ്ലിക് യൂണിവേഴ്സിറ്റിക്ക് കോഴ്സിന് ഫീസില്ല. ആവശ്യമെങ്കിൽ പാട്ട് ടൈം ജോലികളും ലഭിക്കും. ജർമ്മനിയിൽ പഠിപ്പിനുശേഷം സ്റ്റേബാക്കും ലഭിക്കും. 21 മാസം ജർമ്മനിയിൽ ജോലി ചെയ്താൽ പിആറിനു അപേക്ഷിക്കാം.
കൊറോണയ്ക്ക് ശേഷം ചാലക്കുടിയിൽ ഒരു കൺസൾട്ടൻസി ഓഫീസ് തുടങ്ങി. അവിടെ ഇപ്പോൾ എഡ്യൂവെൽറ്റിനു പത്തോളം സ്റ്റാഫുകളുണ്ട്. ജർമനിയെ കൂടാതെ 32 രാജ്യങ്ങളിലേക്കും കൂടി സർവീസ് നൽകിവരുന്നുണ്ട്. മിനിമം സർവീസ് ചാർജ് വാങ്ങിയാണ് സർവീസ് നൽകുന്നത്. ഇതുകൂടാതെ ലാംഗ്വേജ് അക്കാദമി എന്ന പേരിൽ ജർമനും ഐഎൽടിഎസും പഠിപ്പിക്കുന്ന സ്ഥാപനം കൂടിയുണ്ട്. നേറ്റീവ് ജർമൻസ് തന്നെയാണ് ക്ലാസുകൾ ഇവിടെ നൽകുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇവിടത്തെ ക്ലാസ്സുകൾക്ക്.
ഇന്ന് എഡ്യൂവെൽറ്റ് ഓവർസീസും ലോഷിദ് ലോഹിയും കൃഷ്ണപ്രിയയും വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന എണ്ണമറ്റ വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുകൊണ്ട് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റി യുവജനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നത് തുടരുന്നു.