1939-ൽ സ്ഥാപിതമായ പാരാഗൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ മൂന്നാം തലമുറ ഉടമയും മാനേജിംഗ് ഡയറക്ടറുമായ സുമേഷ് ഗോവിന്ദാണ് പാരഗണിന്റെ വിജയത്തിന് പിന്നിൽ.
ബിസിനസിന്റെ രുചിയറിഞ്ഞ് വിജയം കൈവരിച്ച ഈ സംരംഭകനെ, കേരളത്തിൽ നിന്നും രാജ്യാന്തര തലത്തിലേക്ക് വളർന്ന രുചിയുടെ പെരുമ വിളിച്ചറിയിക്കുന്ന പാരഗൺ എന്ന ബ്രാൻഡ് സാരഥി സുമേഷ് ഗോവിന്ദനെ പരിചയപ്പെടാം.
കുട്ടിക്കാലത്തെ സുമേഷിനെ തീരെ താല്പര്യമില്ലാത്ത ഒരു മേഖലയായിരുന്നു ഫുഡ് ഇൻഡസ്ട്രി. ഒരേപോലെയുള്ള ജോലി മടുപ്പുളവാക്കും. ഒരേപോലെ പോയിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഫുഡ് ഇൻഡസ്ട്രിയും. വലിയ മാറ്റങ്ങൾ ഒന്നും ഇതിൽ സാധ്യമല്ല.ക്രീറ്റിവിറ്റി കൊണ്ടുവരാൻ പാടാണ് മോണോറ്റനസ്സാണ്, വല്ലാതെ ബോറടിപ്പിക്കുന്ന ഒരു രംഗമായതിനാൽ തന്നെ അതിലേക്ക് കടന്നു ചെല്ലാൻ സുമേഷന് ഒട്ടും താല്പര്യമില്ലായിരുന്നു.
സിനിമ, കല, സാഹിത്യം ഇതൊക്കെയായിരുന്നു മനസ്സിൽ. ഇതിൽ ഏതിലെങ്കിലും എത്തിപ്പെടാൻ ആഗ്രഹവും ഉണ്ടായിരുന്നു സുമേഷന്. സിനിമ സംവിധാനമായിരുന്നു അതിൽ മുഖ്യം. അതും ഇന്ത്യൻ സിനിമയല്ല, ഹോളിവുഡ് മൂവികളോടായിരുന്നു പ്രിയം.ഫിലോസഫിയും ഇഷ്ടമായിരുന്നു. ശരീരത്തെയും മനസിനെയും വരുതിയിലാക്കാൻ ഒരു സമയത്ത് ശ്രമിച്ചുകൊണ്ടിരുന്ന സുമേഷ് അതിനായി ഒരു ഗുരുവിനെ കണ്ടെത്തി. ആ ഗുരുവാണ് എന്തുകൊണ്ട് ഫുഡ് ഇൻഡസ്ട്രി ഏറ്റെടുത്തുകൂടാ അവിടെത്തന്നെ കഴിവ് തെളിയിച്ചു വിജയം നേടാൻ ശ്രമിക്കാനൊക്കെ പറഞ്ഞത്. അങ്ങനെ താല്പര്യമില്ലാതിരുന്നിട്ട് കൂടി ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ വേണ്ടി ഫുഡ് ഇൻഡസ്ട്രിയിലേക്ക് ഇറങ്ങി.
അച്ഛച്ചനും അച്ഛനും കൂടി തുടങ്ങിവച്ച ഒരു സാധാരണ ഹോട്ടൽ ആയിരുന്നു പാരഗൺ. കോഴിക്കോട് ആയിരുന്നു അതിൻറെ തുടക്കം. എന്നാൽ അച്ഛൻ മരിച്ചപ്പോൾ നഷ്ടത്തിൽ ആയിരുന്നു കോഴിക്കോടെ ആ ഹോട്ടൽ. അന്ന് ഏറ്റെടുക്കാൻ താല്പര്യം കാണിക്കാത്ത സുമേഷിനു പകരം അമ്മയാണ് ഹോട്ടൽ ഏറ്റെടുത്ത് നടത്തിയത്. പിന്നീട് മോശംസ്ഥിതിയിലേക്ക് പോയികൊണ്ടിരുന്ന ആ ഹോട്ടൽ സുമേഷിന് ഏറ്റെടുക്കേണ്ടി വന്നു.
ഏറ്റെടുത്തപ്പോൾ തന്നെ ഹോട്ടലിന്റെ ഒരു അടിമുടി മാറ്റം വരുത്താൻ സുമേഷ് തീരുമാനിച്ചു. മെനുവിൽ ചില സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തി, പുതിയ വിഭവങ്ങൾ അവതരിപ്പിച്ചു, പഴയവ പുനരവതരിപ്പിച്ചു.
ചേരുവകളുടെയും സേവനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഫുഡ് ആൻഡ് ഹോട്ടൽ ഇൻഡസ്ട്രിയെ കുറിച്ച് പഠിച്ചു. വിദേശരാജ്യങ്ങളിൽ എങ്ങിനെയാണെന്ന് കണ്ടറിഞ്ഞു.അത്തരം കാര്യങ്ങൾ പാരഗണിലും കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തി. അതിനായി മുഴുവൻ സമയവും പുതിയ പുതിയ ആശയങ്ങളും പാരഗൺ എന്ന ബ്രാൻഡിലേക്ക് നിക്ഷേപിച്ചു. സുമേഷ് ഗോവിന്ദിന്റെ പ്രയത്നങ്ങൾ ഫലം കണ്ടു, പാരഗൺ താമസിയാതെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ റെസ്റ്റോറന്റുകളിൽ ഒന്നായി മാറി.
പാരഗൺ വളരാൻ തുടങ്ങി. മെക്ക് ഗ്രില്ലും സൽക്കാരയും ബ്രൗൺ ടൗണും മറ്റു ബ്രാൻഡുകളായി ഉദയംചെയ്തു. അങ്ങനെ പലപല ഹോട്ടലുകൾ കേരളത്തിന് അകത്തും പുറത്തും പാരഗണിനു കീഴിൽ വളർന്നു വന്നു. 2005-ൽ സുമേഷ് ഗോവിന്ദ് ദുബായിൽ പാരഗണിന്റെ ആദ്യത്തെ വിദേശ ശാഖ ആരംഭിച്ചു. ഇന്ന്, പാരഗണിന് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ശാഖകളുണ്ട്, കൂടാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. സ്വാദിഷ്ടമായ വിഭവങ്ങൾ വിളമ്പുന്ന പാരഗൺ ഇപ്പോൾ ലോകത്തിലെ ഏറ്റവും ജനപ്രിയമായ റെസ്റ്റോറന്റുകളിൽ ഒന്നാണ്.
മലബാറിലെ രുചിക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമുണ്ട്. മലബാർ ഭക്ഷണം നന്നായി കൊടുത്താൽ ആർക്കും ഇഷ്ടപ്പെടും കുറഞ്ഞ അളവിൽ മസാലകളെ ഈ ഭക്ഷണത്തിലുള്ളൂ, ഭക്ഷണസാധനങ്ങളുടെ രുചി നഷ്ടപ്പെടാതെ ഫ്ലെവോഴ്സ് ബാലൻസ് ചെയ്യത് വിളമ്പുന്ന ഭക്ഷണരീതിയാണ് മലബാറിന്റേത്. മലബാർ ബിരിയാണിയും മലബാർ വിഭവങ്ങളുമാണ് പാരഗൺ റെസ്റ്റോറന്റിൽ വിളമ്പുന്നത്. എന്നാൽ സൽക്കാരയിൽ ‘തത്കാരം’ ആണ് നൽകാൻ ശ്രമിച്ചിരിക്കുന്നത്. കോഴിക്കോട് മുസ്ലിം വിഭവങ്ങളാണ് അതിൽ പ്രധാനം. ബ്രൗൺ ടൗൺ ഒരു കഫെയാണ്. കേരളത്തിന് പുറമേ കാണുന്ന സുമേഷിനെ ആകർഷിച്ചിട്ടുള്ള മറ്റു വിഭവങ്ങളാണ് മെക്ക് ഗ്രില്ലിൽ നൽകാൻ ശ്രമിക്കുന്നത്. അതിൽ അറബും ചൈനീസ് ഇറ്റാലിയൻ ഫുഡും എല്ലാം ഉൾപ്പെടും. ഇതൊക്കെ കൂടാതെ സ്വന്തമായി കാറ്ററിംഗ് സർവീസും പാരഗൺ ഗ്രൂപ്പിനുണ്ട്. ഒത്തിരി വിഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കാറ്ററിംഗ് സർവീസ്.
‘നല്ല ഭക്ഷണം കൊടുക്കാൻ തയ്യാറായാൽ ആളുകൾ നന്നായി വരും. നല്ല ഗുണമേന്മയുള്ള സാധനങ്ങൾ ഉപയോഗിച്ച് ക്വാളിറ്റിയുള്ള ഫുഡ് ആണ് കൊടുക്കുന്നതെങ്കിൽ ആളുകൾ അന്വേഷിച്ചു വരും അതാണ് പാരഗണിന്റെ വിജയത്തിന് പിന്നിലുള്ളത്.’
2023-ൽ, “ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ” ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയിൽ പാരഗൺ 11-ാം സ്ഥാനത്തെത്തി. സുമേഷ് ഗോവിന്ദിന്റെ കാഴ്ചപ്പാടിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ് പാരഗണിന്റെ വിജയം. എങ്കിൽപോലും ഒരു സൈഡ് ബിസിനസും സുമേഷ് ചെയ്യുന്നില്ല. ഫുഡ് ഇൻഡസ്ട്രിയിൽ തന്നെയാണ് ശ്രദ്ധമുഴുവൻ. ഈ മേഖലയുടെ ഓരോ ചലനവും അറിയുകയും മാറ്റങ്ങൾ കൊണ്ട് വന്ന് സുമേഷ് ഗോവിന്ദ് മുന്നേറുകയാണ്.