ജീവിതത്തിൻറെ തുടക്കം വളരെ മനോഹരമായിരിക്കണമെന്നില്ല. വൻ തിരിച്ചടികൾ ഉണ്ടാകാം, അപമാനങ്ങൾ നേരിടേണ്ടി വന്നിരിക്കാം. ചില തിക്താനുഭവങ്ങൾ ജീവിത വിജയത്തിലേക്കുള്ള വഴികാട്ടിയാകാം. അത്തരം കഷ്ടതകളിലൂടെ കടന്നുപോയി ജീവിതത്തിൽ വലിയ വിജയം കൈവരിച്ച മുഹമ്മദ് റാഷിയെ പരിചയപ്പെടാം.
മലപ്പുറം ജില്ലയിലെ പുത്തനത്താണിയിലാണ് റാഷി ജനിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസമാണ് റാഫിക്കുള്ളു. ജീവിത സാഹചര്യങ്ങൾ തന്നെയാണ് ഇവിടെ വില്ലനായി നിന്നത്. എല്ലാം ഉണ്ടായിട്ടും എല്ലാവരും ഉണ്ടായിട്ടും റാഫി ഒരു അനാഥനായിട്ടാണ് വളർന്നത്. റാഫിയുടെ ചെറുപ്പത്തിലെ രക്ഷിതാക്കൾ വേർപിരിഞ്ഞു. പിന്നീട് യത്തീംഖാനകളിൽ പോയി ജീവിക്കേണ്ടിവന്നു. പട്ടിണി കിടന്നു. ഉടുക്കാൻ വസ്ത്രമില്ല, കഴിക്കാൻ ഭക്ഷണവുമില്ല. കഷ്ടപ്പാടിന്റെ കൈപ്പുനീര് കുടിച്ചായിരുന്നു ചെറുപ്പകാലത്തെ ജീവിതം.ഏഴാം വയസിൽ പീഢനങ്ങൾ സഹിക്കാൻ വയ്യാതെ നാടുവിട്ടു.
നാലാം ക്ലാസ് പൂർത്തിയാക്കുമ്പോഴേക്കും അഞ്ച് സ്കൂളുകളിൽ മാറിമാറി പഠിക്കേണ്ടിവന്നു. അഞ്ചാം ക്ലാസിൽ പഠനം നിർത്തി കൺസ്ട്രക്ഷൻ ഫീൽഡിൽ പണിക്കാരനായി. അഞ്ചോ ആറോ വയസിൽ മണ്ണ് ചവിട്ടി കൂട്ടുന്ന പണിക്ക് കൺസ്ട്രക്ഷൻ സൈറ്റുകളിൽ പോയി തുടങ്ങി. പന്ത്രണ്ട് പതിമൂന്നു വയസ്സായപ്പോൾ കൺസ്ട്രക്ഷൻ മേഖലയിൽ സ്ഥിരമായി ജോലിചെയ്യാൻ തുടങ്ങി. കൺസ്ട്രക്ഷൻ മേഖലയിലെ വളരെ താഴെക്കിടയിലുള്ള ചെറിയ പണികൾ തുടങ്ങി കോൺക്രീറ്റ് വർക്ക് കരാർ എടുക്കുന്നത് വരെ എത്തി കാര്യങ്ങൾ.
ഒരിക്കൽ ഒരു കോൺക്രീറ്റ് കരാർ എടുത്ത് ചെയ്തുകൊടുത്തപ്പോൾ പണിയിലെ ചെറിയൊരു അപാകത മൂലം കോൺക്രീറ്റിന് വിള്ളൽ വീണു. ആ വിള്ളലിലൂടെ വെള്ളം താഴേക്ക് ഒലിച്ചിറങ്ങി. ഇത് ശരിയാക്കിയാൽ മാത്രമേ കൂലി കിട്ടൂ എന്ന അവസ്ഥ വന്നു. അതിൽ നിന്നാണ് വാട്ടർപ്രൂഫിന്റെ പുതിയ സാധ്യതകൾ റാഫി മനസ്സിലാക്കുന്നതും അതിനായി റാഫി പഠിക്കാൻ തുടങ്ങുന്നതും.
തന്റെ പരിമിതമായ അറിവുകൾ വെച്ച് അന്ന് വാട്ടർ പ്രൂഫിങ് റാഫി നടത്തി. ഇതിനോടൊപ്പം തന്നെ വേസ്റ്റ് മാനേജ്മെൻറ് ബിസിനസിലും കൈവച്ചു. ഇതിനിടയിൽ കുഞ്ഞുകുഞ്ഞു മറ്റു ബിസിനസുകളും ചെയ്തിരുന്നു. വീണ്ടും ഒരിക്കൽ കൂടി നാടുവിട്ടു. പലപല നാടുകളിൽ പോയി പല പല ടെക്നോളജികൾ പഠിച്ചു. നേടിയെടുത്ത അറിവുമായി നാട്ടിൽ തിരിച്ചെത്തി ബിസിനസ് വിപുലീകരിക്കാൻ തുടങ്ങി.
പല ബിസിനസുകളും വിജയിക്കാത്തതിന്റെ കാരണം താൻ തന്നെയാണെന്ന് മനസ്സിലാക്കിയ റാഫി ഒരു ആത്മ പരിശോധന നടത്തി. തന്റെ ന്യൂനതകളും കഴിവുകേടുകളും മനസ്സിലാക്കി അത് മാറ്റാൻ ശ്രമം തുടങ്ങി.
തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്തി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ ബിസിനസിലും ജീവിതത്തിലും വിജയിക്കാൻ തുടങ്ങി. പിന്നീട് ജീവിതത്തിൽ ഒരു തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യം വന്നില്ല.
മുന്നേ തുടങ്ങിവെച്ച കെഎംജിസി എന്ന് കായംമഠത്തിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് പുതുക്കി എടുത്തു. അതിനുതാഴെ വാട്ടർപ്രൂഫ് സൊല്യൂഷൻസ് കൊണ്ടുവന്നു. ആദ്യകാലത്ത് പല ബ്രാൻഡുകളെയും എടുത്ത് വിപണനം ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വന്തമായി വാട്ടർപ്രൂഫിന്റെ ഒരു ബ്രാൻഡ് ഉണ്ടാക്കി.
‘ഡാം ഷുവർ’ എന്നായിരുന്നു ആ ബ്രാൻഡിന്റെ പേര്. ഇത് കെഎംജിസിയുടെ കീഴിലുള്ള ഒരു വാട്ടർപ്രൂഫിംഗ്, കൺസ്ട്രക്ഷൻ കെമിക്കൽ കമ്പനിയാണ്. പോളിഫ്ലെക്സ് എച്ച്ഡി എന്ന ലിക്വിഡ് പ്രയോഗിച്ച വാട്ടർപ്രൂഫിംഗ് മെംബ്രൺ ആയിരുന്നു ‘ഡാം ഷുവറിന്റെ ആദ്യ ഉൽപ്പന്നം. പോളിഫ്ലെക്സ് എച്ച്ഡി അക്കാലത്ത് ഒരു വിപ്ലവകരമായ ഉൽപ്പന്നമായിരുന്നു, അത് വളരെ വേഗം കമ്പനിയുടെ മുൻനിര ഉൽപ്പന്നമായി മാറി. ജർമ്മൻ എക്സ്ട്രാഷീൽഡ്, മാഗ്നോഫിക്സ്, റൂഫ്സീൽ, ടാങ്ക് കോട്ട് എന്നിവയുൾപ്പെടെയുള്ള മറ്റ് വാട്ടർപ്രൂഫിംഗ് ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ‘ഡാം ഷുവർ’ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പുത്തനത്താണിയിലാണ് ‘ഡാം ഷുവറിന്റെ’ഫാക്ടറി. ഏകദേശം നേരിട്ട് 400 പേർക്കും നേരിട്ടല്ലാതെ 2000 പേർക്കും റാഫി ജോലി നൽകുന്നുണ്ട്. ‘ഡാം ഷുവർ’ അതിവേഗം വളർന്നു, ഇത് ഇപ്പോൾ ഇന്ത്യയിലെ മുൻനിര വാട്ടർപ്രൂഫിംഗ് കമ്പനികളിലൊന്നാണ്. കമ്പനിയുടെ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള വിവിധ പ്രോജക്ടുകളിൽ ഉപയോഗിക്കുന്നു, കൂടാതെ ‘ഡാം ഷുവർ’ അന്താരാഷ്ട്ര വിപണികളിലേക്കും വ്യാപിച്ചു.
‘ഡാം ഷുവർ’ ഉപഭോക്താക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച വാട്ടർപ്രൂഫിംഗ് പരിഹാരങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണ്. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരമുള്ളതും നൂതനവും വിശ്വസനീയവുമാണ്. കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്ന വിശ്വസ്തരായ തൊഴിലാളികൾ തന്നെയാണ് റാഫിയുടെ വിജയത്തിന് പിന്നിൽ എന്ന് മുഹമ്മദ് റാഫി ഉറച്ചു വിശ്വസിക്കുന്നു.
ഓൾ ഇന്ത്യ ലെവലിലേക്ക് ‘ഡാം ഷുവർ’ എത്തിക്കഴിഞ്ഞു. അതോടൊപ്പം നിരവധി ബിസിനസുകളും റാഫി ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള അഞ്ചു കമ്പനികൾ കൂടി ഇന്ന് മുഹമ്മദ് റാഫിക്ക് ഉണ്ട്. ആദ്യകാലത്തെ ദുരനുഭവങ്ങളെ നേരിട്ടുകൊണ്ടുള്ള റാഫിയുടെ യാത്ര ഇന്ന് വിജയത്തിന്റെ പാതയിലാണ്.