എല്ലാ വിജയത്തിന് പിന്നിലും ഒരു കഠിനാധ്വാനം ഉണ്ട്. ഒരു സംരംഭം അഞ്ചുപേരിൽ തുടങ്ങി ഇന്ന് 3000 ത്തിലധികം പേർക്ക് ജോലി നൽകുന്ന സംരംഭമായി ഉയർന്നതിന് പിന്നിലും ഒരു പെൺകരുത്തുണ്ട്; പർവീൺ ഹഫീസ്, സൺറൈസ് ഹോസ്പിറ്റൽ മേധാവി.
ഒരു സംരംഭക കുടുംബത്തിൽ ജനിച്ചുവളർന്ന വ്യക്തിയാണ് പർവീൺ. മലബാറിലെ മിക്ക മുസ്ലിം കുടുംബങ്ങൾക്കും ഒരു ബിസിനസ് പാരമ്പര്യമുണ്ട് അത്തരം ഒരു ബിസിനസ് കുടുംബത്തിലാണ് ജനിച്ചുവളർന്നത്. പ്ലൈവുഡ് ബിസിനസ് ആയിരുന്നു അവർക്ക്. സ്വർണക്കരണ്ടിയുമായി ജനിച്ചു വളർന്നതെങ്കിലും പർവീണിനും ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളും പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം ചിരിച്ച മുഖത്തോടെ തന്നെയാണ് പർവീൺ നേരിട്ടത്.
അടുത്ത് വരുന്നവരുടെ ചിരിച്ച മുഖങ്ങൾ കാണാനാണ് കുഞ്ഞു പർവീൺ ആഗ്രഹിച്ചത്. കുഞ്ഞിലെ മുതൽ മറ്റുള്ളവരിൽ പുഞ്ചിരി നിറയ്ക്കാൻ പർവീൺ ശ്രമിച്ചിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. വെറുതെ ഇരിക്കുന്നതിനോട് ഒട്ടും താല്പര്യമില്ലാത്ത ആളുകൂടിയായിരുന്നു പർവീൺ. ഇരുപതാം വയസ്സിലാണ് സഹോദരൻറെ ഉറ്റ സുഹൃത്തായ ഡോക്ടർ ഹാഫീസ് ആലോചന പെർവീണിന് വരുന്നത്. ഡോക്ടർ ഹാഫീസും ഒരുപാട് സ്വപ്നങ്ങളും ഒത്തിരി കാര്യങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഹാഫീസ്. ഒരേ വേവ് ലെങ്ത് ആയതുകൊണ്ടുതന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. പഠനം പൂർത്തിയായതിന് തൊട്ടുപിന്നാലെ വിവാഹവും കഴിഞ്ഞു.
സേവനം പാഷനാക്കിയ ഡോ. ഹഫീസുമായുള്ള വിവാഹം വഴിത്തിരിവായി. ഹെൽത്ത് കെയർ മേഖലയിൽ ഒരു സംരംഭം തുടങ്ങുക എന്നതായിരുന്നു ഡോ. ഹഫീസിന്റെയും പർവീണിന്റെയും സ്വപ്നം. ഈ മേഖലയിലെ ഡോ. ഹാഫീസിന്റെ അനുഭവസമ്പത്തും പർവീണിന്റെ ആളുകളോട് ഇടപെടാനുള്ള താൽപര്യവും കണക്കിലെടുത്തായിരുന്നു ഹെൽത്ത് കെയർ മേഖല തിരഞ്ഞെടുത്തത്.
ആദ്യമായി സർജിക്കൽ കമ്പനിയാണ് ആരംഭിച്ചത് .27 വർഷമായി സ്ഥാപനം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിലെ എല്ലാ ഹോസ്പിറ്റലുകൾക്കും ഇന്നും ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത് ഈ കമ്പനിയാണ്. സർജിക്കൽ നീഡിൽസ് മുതൽ ഓപ്പറേഷൻ എക്യുമെൻസ് വരെ ഹോസ്പിറ്റലുകൾക്ക് ആവശ്യമായതെല്ലാം ഈ കമ്പനി നൽകിവരുന്നുണ്ട്. അതിനുശേഷം ‘കൺസൺ ഇന്ത്യ’ എന്ന പേരിൽ ഒരു സംരംഭം തുടങ്ങി. ഇത് ഹൗസ് കീപ്പിംഗ് പ്രോഡക്റ്റ്സിനു വേണ്ടിയുള്ളതായിരുന്നു. ഈ രണ്ടു സംരംഭങ്ങളും പ്രവീണിനെ ബിസിനസിനെ നന്നായി കൈകാര്യം ചെയ്യാൻ പഠിപ്പിച്ചു. അതും വിജയത്തിലായതോടെ ഒരുപാട് ഹോസ്പിറ്റലുകളുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചു. അതോടെയാണ് ഹോസ്പിറ്റൽ എന്ന ആഗ്രഹം ഉണ്ടാകുന്നത്.
അങ്ങനെ 24 വർഷങ്ങൾക്കു മുൻപ് പർവീൺ ഹോസ്പിറ്റൽ മേഖലയിലേക്ക് ഇറങ്ങി. എറണാകുളം കാക്കനാട് സ്ഥലം വാങ്ങി കൺസ്ട്രക്ഷൻ തുടങ്ങി. കാക്കനാട് സൺറൈസ് ആയിരുന്നു ആദ്യ ഹോസ്പിറ്റൽ. സ്ഥലം നോക്കാൻ ചെന്നപ്പോൾ തന്നെ ഇഷ്ടംപോലെ സൂര്യപ്രകാശം കിട്ടുന്ന ഒരു ഇടമായിരുന്നു കാക്കനാട് ഹോസ്പിറ്റലിരിക്കുന്ന സ്ഥലം. അതിൽ നിന്നാണ് ‘സൺറൈസ്’ എന്ന പേര് ഹോസ്പിറ്റലിന് നൽകിയത്. വെറും 80 ലക്ഷം രൂപയാണ് ആ വലിയ സ്വപ്നം തുടങ്ങുന്ന സമയത്തു കയ്യിൽ ഉണ്ടായിരുന്നത്. അതിൽ നിന്ന് തന്നെയായിരുന്നു തുടക്കം. പിന്നീട് ബാങ്ക് ലോണുകൾ എടുത്ത് അങ്ങനെ ആവശ്യമായ പണം സ്വരൂപിച്ചു.
അതോടൊപ്പം മികച്ച ഒരു സോഫ്റ്റ്വെയർ സ്ഥാപനവും ആരംഭിച്ചു. ഹോസ്പിറ്റൽ മാനേജ്മെൻറ് ചെയ്യാൻ ഒരു സോഫ്റ്റ്വെയർ അത്യാവശ്യമായിരുന്നു. അത് സ്വന്തമായി നിർമ്മിക്കാനായിരുന്നു അത്തരം ഒരു സംരംഭം തുടങ്ങിയത്.
അന്ന് പണി പൂർത്തിയായ 3 നിലയും 5 പേരുമായി ആരംഭിച്ച സൺറൈസ് ഹോസ്പിറ്റൽ ഇന്ന് 3000ൽ അധികം പേർക്ക് തൊഴിൽ നൽകുന്നു. ഇപ്പോൾ കേരളത്തിൽ അഞ്ചു ഹോസ്പിറ്റലുകൾ ഉണ്ട്. ഡൽഹിയിൽ രണ്ടും. മറ്റു ചില ഹോസ്പിറ്റലുകൾ ഏറ്റെടുത്തിട്ട് നടത്തുന്നുണ്ട്. എൻഐസിയു മുതൽ കാർഡിയാക് സർജറി ഐസിയു വരെയുള്ള പലപല സേവനങ്ങൾ നൽകിവരുന്നു. വലിയ ഗൗരവത്തോടെ തന്നെയാണ് ഈ ബിസിനസിനെ നോക്കികാണുന്നതും.
വളരെ സിസ്റ്റമാറ്റിക്കായി പോയാൽ മാത്രമേ എന്തും വിജയത്തിലെത്തിക്കാൻ സാധിക്കൂ. ഇത്രയും വലിയ ബിസിനസിന്റെ സാരഥിയായിരിക്കുമ്പോഴും കുടുംബവും അത്ര തന്നെ പ്രാധാനമുള്ളതാണ് പർവീണിന്.
‘20 ഹോസ്പിറ്റലുകൾ 20 വർഷത്തിനുള്ളിൽ’ എന്നൊരു സ്വപ്നം ഇന്ന് പാതിവഴിയിൽ എത്തി നിൽക്കുന്നു. ഒൻപത് ഹോസ്പിറ്റലുകൾ തുടങ്ങി. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് തന്നെ ചെയ്തു തീർക്കണം. സമയം നന്നായി മാനേജ് ചെയ്താൽ പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഒരു പ്രശ്നങ്ങളും ഇല്ലാതെ കൊണ്ടുപോകാൻ സാധിക്കും എന്നും സൺറൈസ് സാമ്രാജ്യത്തിന്റെ അധിപതിയായ പർവീൺ ഹഫീസ് പറയുന്നു