മെക്കാനിക് കോഴ്സ് പഠിച്ച ഒരു മെക്കാനിക്കായി ജോലി തുടങ്ങിയ ആളാണ് സജീവ്. തൃശൂരാണ് സ്വദേശം. പത്തുവർഷത്തോളം മെക്കാനിക്കായും സെയിൽസ്മാനായും ജോലി ചെയ്തു.
മെക്കാനിക് ജോലി ചെയ്തെയെങ്കിലും അതിൽ തനിക്ക് വിജയിക്കാൻ ആകില്ലെന്ന് മനസ്സിലാക്കിയ സജീവ് സെയിൽസ്മാനാകാൻ തീരുമാനിച്ചു. പിന്നെ അഞ്ചാറ് കൊല്ലം സെയിൽസ്മാനായി ജോലി നോക്കി. അതിൽ വിജയിക്കാനായി; കുറേ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. അങ്ങനെയാണ് നന്തിലത്ത് ഗ്രൂപ്പിൽ ജോലിക്ക് കയറിയത്. ഗോപു നന്ദിലത്ത് ആയിരുന്നു സജീവിന്റെ റോൾ മോഡൽ. നന്തിലത്ത് ജോലി നോക്കുന്ന സമയത്താണ് സംരംഭകത്വത്തിന്റെ വിത്ത് സജീവിൽ മുളച്ചു പൊങ്ങുന്നത്. ഒരു കോടിശ്വരൻ ആവുക എന്നതായിരുന്നു സജീവൻറെ അന്നത്തെ ജീവിതാഭിലാഷം.അതിന് ഒരു സെയിൽസ്മാനായി തുടർന്നിട്ട് കാര്യമില്ല. ഒരു ജോലി കൊണ്ട് അത് നേടിയെടുക്കാനും ആകില്ലെന്ന് സജീവ് മനസ്സിലാക്കി. കോടീശ്വരനാവുക എന്നത് മാത്രമല്ല സ്വന്തമായുള്ള ഒരു ബ്രാൻഡിന്റെ പേരിൽ അറിയപ്പെടുക എന്നുള്ളതും സജീവന്റെ മനസ്സിലെ വലിയ ആഗ്രഹമായിരുന്നു.
അങ്ങനെ ആദ്യത്തെ സംരഭം തുടങ്ങി. സംഭാരം ഉണ്ടാക്കി അടുത്ത കടകളിൽ കൊടുക്കുന്നതായിരുന്നു ആദ്യത്തെ സംരംഭം. അമ്മ വീട്ടിൽ ഉണ്ടാക്കുന്ന സംഭാരം എല്ലാവർക്കും ഇഷ്ടമായിരുന്നു. അത് തന്നെയാണ് കടകളിൽ നല്കിയിരുന്നതും. ആ സമയത്തുതന്നെ ജോലി നിർത്തി പകരം ഒരു ഫാൻസി കൂൾഡ്രിങ്ക്സ് കട തുടങ്ങി. പിന്നീട് ഗൾഫ് ചോക്ലേറ്റുകൾ വാങ്ങി വിൽക്കാൻ തുടങ്ങി. അതിനായി ഒരു കാറും വാങ്ങി. അങ്ങനെ ബിസിനസുകൾ നന്നായി പോകുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു ആക്സിഡൻറ് ഉണ്ടായത്. കാർ ഒരു കടയിലേക്ക് ഇടിച്ചു കയറി. കാർ തകർന്നു, മൊത്തം നഷ്ടത്തിലായി. ചോക്ലേറ്റ് ബിസിനെസ്സ് തുടർന്നുകൊണ്ടുപോകാൻ ആകാതെ നിർത്തേണ്ടിവന്നു.
എങ്കിൽപോലും സംരംഭം നിർത്താൻ സജീവ് തയ്യാറായില്ല. സംഭാരം ഒരു ബ്രാൻഡിൽ ഇറക്കാൻ തീരുമാനിച്ചു. മകളുടെ പേരായ തിങ്കൾ എന്ന് നൽകിക്കൊണ്ട് ‘തിങ്കൾ സംഭാരം’ എന്നായിരുന്നു പുതിയ പേര്. ഇത് കടകളിൽ നൽകിയപ്പോൾ തിങ്കളാഴ്ച മാത്രം ലഭിക്കുന്ന സംഭാരം ആണോ എന്ന് പലരും ചോദിച്ചു. അതിൽ നിന്ന് ‘തിങ്കൾ സംഭാരം തിങ്കളാഴ്ച മാത്രമല്ല എല്ലാദിവസവും’ എന്ന ടാഗ്ലൈനോടു കൂടി പോസ്റ്റർ അടിച്ചിറക്കി വിൽപ്പന നടത്തി. അത് വലിയൊരു വിജയമായി. ആളുകൾ പുഞ്ചിരിച്ചുകൊണ്ട് സംഭാരം വാങ്ങി കുടിക്കാൻ തുടങ്ങി.
അടുത്ത മഴക്കാലത്ത് തൈര് കച്ചവടവും ആരംഭിച്ചു. തൈര് വിൽക്കാൻ പറ്റാത്ത സമയത്തും തുടങ്ങിയതിനു കാരണം ഈ സമയത്ത് ബിസിനസ് പിടിക്കാൻ സാധിച്ചാൽ സീസണിൽ കൂടുതൽ വിറ്റുവരവ് ഉണ്ടാക്കാം എന്ന് കണക്കുകൂട്ടിയായിരുന്നു. ‘തിങ്കൾ ടിക് ടിക്’ എന്ന പേരിൽ തൈര് മാർക്കറ്റിൽ ഇറക്കി. നല്ല കട്ടിയുള്ള വിലകൂടിയ തൈര് ആയിരുന്നു അത്. പുളിയുമുണ്ട്. എങ്കിലും പുളിയുള്ള തൈര് ഇഷ്ടപ്പെടുന്നവർ ഇത് അന്വേഷിച്ചു വരാൻ തുടങ്ങി. വിൽപ്പന കൂടി.
തൈര് മുളക് കൊണ്ടാട്ടം ഉണ്ടാക്കി വിൽക്കാനും തുടങ്ങി. ആ സമയത്ത് ഒരു വണ്ടിയും രണ്ട് ജോലിക്കാരും സജീവിനു ഉണ്ടായിരുന്നു.
‘ഇത് ഉപ്പു മുളകല്ല തൈര് മുളകാണ്’ എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു തിങ്കൾ തൈരു മുളക് മാർക്കറ്റിൽ എത്തിച്ചത്. അതിനും ആവശ്യക്കാർ ഏറെയായിരുന്നു.
അങ്ങനെ സംഭാരം, തൈര്, തൈര് മുളക് കൊണ്ടാട്ടം എന്നിവ തുടങ്ങിയെങ്കിലും കോടീശ്വരനിലേക്ക് എത്താൻ ഇനിയും ഒരുപാട് കാര്യങ്ങൾ എത്താൻ ഉണ്ടെന്ന് സജീവനെ അറിയാമായിരുന്നു. അടുക്കളയിലേക്ക് ആവശ്യമായ മഞ്ഞൾ, മല്ലി, മുളക് എന്നീ പൊടികൾ ഉണ്ടാക്കി വിൽക്കാനായിരുന്നു അടുത്ത പരിപാടി. ഒരു പ്രിസർവേറ്റീവ്സും ചേർക്കാതെ വീട്ടിൽ തന്നെ കഴുകി ഉണക്കി പൊടിച്ചാണ് തിങ്കൾ പൊടികൾ മാർക്കറ്റിൽ എത്തിക്കുന്നത്.
‘തിങ്കൾ’ ഉൽപ്പന്നങ്ങൾക്ക് വില കൂടുതലാണ്; ഗുണമേന്മയും. അതിനാൽ തന്നെ ഒരിക്കൽ ഉപയോഗിച്ചാൽ വില നോക്കാതെ ആളുകൾ വീണ്ടും വാങ്ങും. സ്ഥിരമായി തിങ്കൾ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ആൾക്കാരും ഉണ്ട്. ഇന്ന് തൃശ്ശൂരിൽ 4000 ത്തിലധികം കടകളിൽ തിങ്കൾ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എറണാകുളത്തും പാലക്കാടും തിങ്കൾ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. 51 പേർ തിങ്കളിൽ ജോലി ചെയ്യുന്നുണ്ട്.
കേരളം മുഴുവൻ തിങ്കൾ ഉൽപ്പന്നങ്ങൾ എത്തിക്കണം അതിനായി സജീവ് പരിശ്രമിക്കുന്നു.ടേൺഓവർ ഒരു കോടി കടന്നെങ്കിലും, ഒരുകോടി വീടുകളിൽ തിങ്കൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം എന്നതാണ് ഇപ്പോഴത്തെ സജീവൻറെ ആഗ്രഹം