ഇരുപതും ഇരുപത്തൊന്നും വയസ്സുള്ള കുട്ടികൾ ഉച്ചയ്ക്ക് ലഞ്ചിന് പപ്സും നാരങ്ങാവെള്ളവും സ്നാക്സും കഴിച്ചാണ് തള്ളിനീക്കുന്നത് എന്നറിഞ്ഞപ്പോൾ തുടങ്ങിയതാണ് ഷാലിന്റെ ‘എൻറെ ചോറ്റുപാത്രം’.
ഉച്ചഭക്ഷണം കഴിക്കാൻ 30 രൂപയിൽ കൂടുതൽ ചിലവഴിക്കാൻ പല കുട്ടികൾക്കും ആവില്ല. ജങ്ക് ഫുഡ്സും കൂൾ ഡ്രിങ്സും സ്നാക്സുമൊക്കെ കഴിച്ചുനടക്കുന്ന തലമുറ ഭാവിയിൽ ആരോഗ്യപരമായി ബുദ്ധിമുട്ടാനുള്ള സാധ്യതയും കൂടുതലാണ്. ഒരു നേരത്തെ ആഹാരമെങ്കിലും ഇവർ ആരോഗ്യപ്രദമായി കഴിക്കണമെങ്കില് ആരെങ്കിലും മുന്നിട്ടിറങ്ങണം. ജങ്ക് ഫുഡ് കഴിച്ച് സ്വന്തം മക്കളുടെ പ്രായമുള്ള പുതിയ തലമുറ അവരുടെ ആരോഗ്യം കളയുന്നത് കണ്ട് ഉറക്കം കളഞ്ഞ രാത്രികളിൽ ഒന്നാണ് ഒരമ്മ എന്ന നിലയിൽ ‘എൻറെ ചോറ്റുപാത്രത്തി’ലേക്ക് ഷാലിൻ എത്തിച്ചേർന്നത്.
നിലവിൽ 60 മുതൽ 90 രൂപ വരെ നിരക്കിൽ ഉച്ചയൂണ് ലഭ്യമാകുമ്പോൾ വെറും 49 രൂപയ്ക്ക് ഒരു ചോറ്റു പാത്രത്തിൽ സ്വന്തം വീട്ടിലേതു പോലെ ഊണ് കഴിക്കാം. 35 രൂപയിലാണ് തുടങ്ങിയത്, പിന്നീട് ഇപ്പോൾ 50 രൂപയിൽ എത്തിനിൽക്കുന്നു. ഈ സംരംഭം ലാഭം മാത്രം നോക്കി ചെയ്യുന്നതല്ലെന്നും എന്നാൽ തനിക്ക് ഒരു ചെറിയ ലാഭം കിട്ടുന്നുണ്ടെന്നും ഷാലിൻ പറയുന്നു. വെജ് ആയാലും നോൺ വെജ് ആയാലും ‘എൻറെ ചോറ്റുപാത്രത്തിന്’ ഒരേ വിലയാണ്. 20 രൂപയാണ് ഡെലിവറി ചാർജ് ഇടാക്കുന്നത് തിരുവനന്തപുരം എവിടെയും.
പാക്കിംഗ് ചാർജ് ഒഴിവാക്കി പാക്കിങ്ങനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളെയും ഒഴിവാക്കി പരിസ്ഥിതി സൗഹാർദ്ദപരമായ ഒരു ഉച്ച ഭക്ഷണം കൊടുക്കുക എന്നതായിരുന്നു സംരംഭം തുടങ്ങുമ്പോൾ ആദ്യം മനസ്സിൽ വന്നത്. ഒരു അമ്മയെന്ന ചിന്തയിലാണ് ചോറ്റുപാത്രം വാങ്ങാൻ പോയത്. കടയിലുള്ളവർ കാണിച്ചതാകട്ടെ ഭംഗിയുള്ള പ്ലാസ്റ്റിക് പാത്രങ്ങളും കോട്ടിങ് ചെയ്തിട്ടുള്ള പാത്രങ്ങളും. എന്നാൽ വൃത്തിയാക്കാൻ എളുപ്പമുള്ള സ്റ്റീൽ പാത്രങ്ങൾ ആയിരുന്നു ഷാലിൻ തിരഞ്ഞെടുത്തത്. ഒരമ്മ എന്ന കരുതലാണ് അവിടെയും മുന്നിട്ടു നിന്നത്.
ആദ്യം അഞ്ചു കുട്ടികളിൽ നിന്നാണ് ‘എൻറെ ചോറ്റുപാത്രം’ തുടങ്ങുന്നത്. ഇന്നത് 180 കൂടുതൽ പേർക്ക് നൽകുന്നുണ്ട്. രാവിലെ മുതൽ ‘എൻറെ ചോറ്റുപാത്രം’ ഇന്ന് തിരുവനന്തപുരത്തെങ്ങും കറങ്ങുന്നുണ്ട്. വീട്ടിൽ നിന്ന് വാങ്ങിക്കൊണ്ടു പോകുന്നവരുണ്ട്, ഷാലിൻ കൊണ്ടുപോയി കൊടുക്കുന്നവരും ഉണ്ട്; ശാലിനിന്റെ കടയിൽ വന്ന് വാങ്ങിക്കുന്നവരും ഉണ്ട്. ചെറിയ ഒരു ഉദ്യമം ആണെങ്കിലും ഒത്തിരി പേർ ഇന്ന് ശാലിനോടൊപ്പം ഈ സംരഭത്തോടൊപ്പം ചേർന്ന് നിൽക്കുന്നു.
പ്ലാസ്റ്റിക് ഒരിക്കലും ഭൂമിയിൽ അലിഞ്ഞു ചേരില്ല. അതിൽ വാങ്ങുന്ന പാത്രങ്ങളിൽ ഭക്ഷണം കഴിച്ച് അതിൽ തന്നെ വേസ്റ്റും നിക്ഷേപിച്ച് ഭൂമിയിലേക്ക് ഇട്ടാൽ അത് ഭൂമിയെ മലിനമാക്കി കൊണ്ടിരിക്കും എന്നല്ലാതെ അതിന് മാറ്റം ഒന്നും സംഭവിക്കില്ല. അവിടെയാണ് സ്റ്റീൽ പാത്രങ്ങളിൽ പകരുന്ന ‘എൻറെ ചോറ്റുപാത്രം’ വ്യത്യസ്തമാക്കുന്നത്.
അറുപതോളം പേർ തുടക്കം മുതൽ ഇതുവരെ ഷാലിന്റെ ചോറ്റുപാത്രത്തിന്റെ കൂടെ സഞ്ചരിക്കുന്നുണ്ട്. സ്ഥിരം ഭക്ഷണം വാങ്ങുന്നവർക്കല്ലാതെയും ഷാലിൻ മൈക്രോവേവ് ചെയ്യാൻ കഴിയുന്ന ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും ‘എൻറെ ചോറ്റുപാത്രം’ നൽകുന്നുണ്ട്. അത്തരം ഓർഡറുകൾ രാത്രി പത്തുമണിവരെ സ്വീകരിക്കും. ഓരോ ദിവസവും ‘എൻറെ ചോറ്റുപാത്രം’ വ്യത്യസ്തമാണ്. വ്യത്യസ്ത വിഭവങ്ങളാണ് ഓരോ ദിവസവും ‘എൻറെ ചോറ്റുപാത്രത്തിൽ നിറയ്ക്കുന്നത്. ഭക്ഷണമൊരുക്കാൻ കൂടുതലും ഓർഗാനിക്കായ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. വീടുകളിൽ നിന്നും വിശ്വസ്തരിൽ നിന്നുമാണ് ശേഖരിക്കുന്നത്. പിന്നെ ആശ്രയിക്കുന്നത് ചാല മാർക്കറ്റിനെയാണ്. വളരെ കുറച്ച് എണ്ണ മാത്രമേ പാചകം ചെയ്യാനും ഉപയോഗിക്കുന്നുള്ളൂ എന്നതുകൊണ്ട് തന്നെ ‘എൻറെ ചോറ്റുപാത്രം’ ഹെൽത്തിയാണ്. ചോറു കുറവും കറികളും കൂടുതലും എന്ന ആശയമാണ് ‘എൻറെ ചോറ്റുപാത്ര’ത്തിനുള്ളത്.
നോട്ടിക്കൽ എൻജിനീയറായിരുന്നു ഷാലിൻ. പിന്നീട് ഹോസ്പിറ്റാലിറ്റി സെക്ടറിലും കൗൺസിൽ രംഗത്തുമെല്ലാം ചുവടുമാറ്റം നടത്തി. അവസാനം എത്തിനിന്നത് സംരംഭക എന്നത് നിലയിലാണ് ‘എൻറെ ചോറ്റുപാത്രം’ എന്ന സംരംഭത്തിലാണ്. കൂടാതെ തിരുവനന്തപുരത്ത് ഐ ഫ്രൂട്ട് എന്ന പേരിൽ ലൈവ് ഐസ്ക്രീം ഷോപ്പ് നടത്തുന്നുണ്ട്. അതും വളർച്ചയുടെ പാതയിലാണ്. ഇപ്പോൾ ‘എൻറെ ചോറ്റുപാത്രം’ എന്നബ്രാൻഡിൽ നല്ല രുചികരമായ അച്ചാറുകളും വിൽക്കുന്നുണ്ട്.
ജീവിതത്തിൽ പല തിക്താനുഭവങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഷാലിന്. ഒരു വർഷം തളർന്നു കിടക്കേണ്ടിവന്നു. ക്യാൻസറിനെ നേരിടേണ്ടിവന്നു. ഭർത്താവ് പതിനഞ്ചും പന്ത്രണ്ടും വയസ്സുമുള്ള മക്കളെയും ഷാലിനെയും ഉപേക്ഷിച്ച് ജീവിതത്തിൽ നിന്ന് വേർപിരിഞ്ഞു പോയ ഒരു കാലഘട്ടം. മാനസികമായി തകർന്നുപോയ അവസ്ഥകളെയും നേരിടേണ്ടിവന്നു എന്നാൽ ഇതിലൊന്നിലും തോറ്റു പിന്മാറിയില്ല എന്നുമാത്രമല്ല ജീവിതത്തിൽ വിജയിച്ചു കാണിച്ചു ഷാലിൻ.
‘അത്താഴം’ എന്നൊരു ആശയമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഷാലിന്റെ മനസ്സിൽ ഒരു മനോഹരമായ ലക്ഷ്യമുണ്ട്. 150 രൂപയുമായി ഒരാൾ തിരുവനന്തപുരത്ത് വന്നാൽ മൂന്നുനേരം നന്നായി ഭക്ഷണം കഴിച്ചു തിരിച്ചു പോകാൻ പറ്റുന്ന വിധത്തിൽ ‘എൻറെ ചോറ്റുപാത്ര’ത്തെ വളർത്തുക. എന്നതാണ് ആ മനോഹര സ്വപ്നം.
ഷാലിന്റെ അഭിപ്രായത്തിൽ സ്ത്രീകൾക്ക് ഇഷ്ടംപോലെ സമയമുണ്ട്. അത് ആരും മനസ്സിലാക്കുന്നില്ല. സമയം ഒന്നും മാനേജ് ചെയ്യാൻ കഴിഞ്ഞാൽ ഇതുപോലുള്ള സംരംഭങ്ങൾ സ്ത്രീകൾക്ക് എളുപ്പത്തിൽ തുടങ്ങാം. അതിൽനിന്ന് വരുമാനവും നേടാം. നല്ലത് ചെയ്താൽ അംഗീകരിക്കപ്പെടും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഷാലിൻ എന്ന ഈ വനിതയും അവരുടെ ചെറിയ സംരംഭവും.