നമുക്കൊരു സ്വപ്നം ഉണ്ടെങ്കിൽ; ആ സ്വപ്നത്തിന്റെ പുറകെ പോകാൻ ധൈര്യമുണ്ടെങ്കിൽ, ഉറപ്പായും ആ സ്വപ്നത്തിൽ എത്തിച്ചേരാൻ സാധിക്കും.’ ഇത് മാസം 50 ലക്ഷം രൂപ വിറ്റു വരവുള്ള ഒരു സംരംഭകയുടെ വാക്കുകളാണ്. അഞ്ചു റോബിൻ; ഇടുക്കി അടിമാലിക്കാരി, സംരംഭക എന്ന തീ മനസ്സിൽ കൊണ്ടുനടക്കുന്ന വീട്ടമ്മ.
ബിടെക് പഠനത്തിന് ശേഷം സോഫ്റ്റ്വെയർ കമ്പനിയിൽ സെയിൽസിൽ ജോലിക്ക് കയറി. ഒരു വർഷത്തോളം അവിടെ ജോലി ചെയ്തു. ചെറിയ ഒരു സ്ഥാപനമായതിനാൽ ആ കമ്പനിയുടെ എ ടു സെഡ് കാര്യങ്ങൾ പഠിക്കാൻ അഞ്ചുവിന് കഴിഞ്ഞു. ജോലി ചെയ്യുന്നതിനോടൊപ്പം സംരംഭകയാക്കുക എന്നൊരു ആഗ്രഹവും മനസ്സിൽ വളരാൻ തുടങ്ങി. സ്വന്തമായി എന്തെങ്കിലും ചെയ്യണം. സ്വന്തം കാലിൽ നിൽക്കണം. അതിനായി ഒരു വർഷം കൊണ്ട് ആ കമ്പനിയിൽ നിന്ന് ആർജ്ജിച്ചെടുത്ത കഴിവുകൾ വെച്ച് സോഫ്റ്റ്വെയർ മേഖലയിൽ തന്നെ ഒരു ബിസിനസ് തുടങ്ങി. അങ്ങനെ 22മത്തെ വയസ്സിൽ അഞ്ചു റോബിൻ ഒരു സംരംഭകയായി.
ഒരു ഐടി ഫേർമ്മ് മാർക്കറ്റിങ്ങിന് ഒരു സ്റ്റാഫിനെ മാത്രം വെച്ചാണ് തുടങ്ങിയത്. ഒരു വർഷത്തെ സ്വരുക്കൂട്ടിയ സാലറി ആയിരുന്നു മൂലധനം. കാക്കനാടുള്ള ഓർ കോ വർക്കിംഗ് സ്പേസിൽ ആയിരുന്നു ആദ്യത്തെ ഓഫീസ്. നാലുവർക്കാണ് ആദ്യമായി കിട്ടിയത്. വർക്ക് കിട്ടിത്തുടങ്ങിയപ്പോൾ നന്നായി ജോലി ചെയ്യാൻ അറിയാവുന്ന ഒരു ഡെവലപറെ അഞ്ചു ജോലിക്ക് എടുത്തു. ഗുണമേന്മയുള്ള പ്രോഡക്ടുകൾ, സമയത്തിന് നൽകി ക്ലൈന്റുകളുടെ ഗുഡ് ബുക്കിൽ സ്ഥാനം പിടിച്ചു. ആളുകൾ പറഞ്ഞും പ്രൊജക്റ്റ് ഗുണമേന്മ കൊണ്ടും കൂടുതൽ കൂടുതൽ പ്രോജക്ടുകൾ കിട്ടി. ഒരുവർഷംകൊണ്ട് തന്നെ 16 ജീവനക്കാരുള്ള സ്ഥാപനമായി അഞ്ജുവിന്റെ സംരംഭം വളർന്നു. കാക്കനാട് പ്രശസ്തമായ മറ്റൊരു കെട്ടിടത്തിൽ പുതിയ ഓഫീസ് തുടങ്ങി.
അഞ്ചുവിന്റെ ബിസിനസിനെ 2020ൽ കോവിഡ് വന്നത് പ്രതികൂലമായി ബാധിച്ചു. കോവിഡിനെത്തുടർന്ന് ഓഫീസ് അടച്ചിടുകയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം കൊടുക്കേണ്ടിയും വന്നു. അഞ്ചുവിന്റെ വിവാഹവും ആ സമയത്താണ് കഴിഞ്ഞത്. അടുത്തുതന്നെ ഗർഭിണിയുമായി. ആരോഗ്യപരമായ കാരണങ്ങളാൽ കിടന്നകിടപ്പിൽ കുറച്ചുമാസങ്ങൾ കഴിയേണ്ടിവന്നു. കോവിഡിന്റെ സെക്കൻഡ് വേവ് സംരംഭത്തെ സാരമായി ബാധിച്ചു. 16 ജീവനക്കാർ എന്നത് 4 പേരിലേക്ക് ചുരുക്കിയെങ്കിലും അധികം വൈകാതെ സംരംഭത്തിന് തിരശീലവീണു.
ബിസിനസ് കുറച്ചുനാളത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നതും ജോലിയും ബിസിനസും ഇല്ലാതെ അഞ്ചു മാനസികമായി വളരെയധികം വിഷമിച്ചു. ചിലരെല്ലാവരും ഈ സമയങ്ങളിൽ കുത്തിനോവിച്ചു. ആ സമയത്താണ് പുതിയൊരു ആശയം ആകസ്മികമായി അഞ്ചുവിലേക്ക് വരുന്നത്.
നല്ല മുടിയുള്ള കുട്ടിയായിരുന്നു അഞ്ചു. അഞ്ചുവിന്റെ മുത്തച്ഛൻ നൽകിയ ഒരു രഹസ്യ കൂട്ടിച്ചേർത്തുണ്ടാക്കിയ എണ്ണയായിരുന്നു അഞ്ചുവിന്റെ മുടിയുടെ രഹസ്യം. ഈ എണ്ണ സുഹൃത്തുകൾക്ക് കൊടുത്തിട്ടുണ്ടായിരുന്നു. അഞ്ചു ബിസിനസ് എല്ലാം നിർത്തി വീട്ടിൽ ഇരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു സുഹൃത്തിൻറെ ഫോൺ വിളി വരുന്നത്. അവരുടെ മുടിയുടെ പ്രശ്നങ്ങൾ മാറാൻ അഞ്ചുപയോഗിക്കുന്ന എണ്ണയുടെ കുറച്ചു തരുമോ എന്ന് ചോദിച്ചുള്ളതായിരുന്നു ആ വിളി.എണ്ണ കൊടുത്തയക്കുകയും ചെയ്തു. പിന്നീട് ഒരിക്കൽ ഭർത്താവുമായുള്ള സംഭാഷണത്തിൽ ഈ വിവരം പറഞ്ഞപ്പോഴാണ് എന്തുകൊണ്ട് ആ എണ്ണ നിർമ്മിച്ച് വിൽക്കുന്നത് ഒരു ബിസിനസായി ചെയ്തുകൂടാ എന്ന് ഭർത്താവിൻറെ ഭാഗത്തുനിന്ന് ഒരു ചോദ്യം വന്നത്.
പിന്നെ അതിനെക്കുറിച്ചായി ചിന്ത. ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് തുടങ്ങി ഫോട്ടോകളും പോസ്റ്റുകളും ഇടാൻ തുടങ്ങി. അതിൻറെ ഭാഗമായി കുറച്ച് അന്വേഷണങ്ങൾ വന്നു. അവിടെനിന്നാണാണ് ഭൂമിക വേദിക്സ് എന്ന ഹെയർ ഓയിൽ പുറത്തിറക്കുന്നത്. അതോടെ ഭൂമിക വേദിക്സ് എന്നപേരിൽ കമ്പനി രജിസ്റ്റർ ചെയ്ത് പുതിയൊരു ബിസിനസ് അഞ്ചു തുടങ്ങി.
ഇന്ന് ദിവസേന 300 ഓർഡറുകളാണ് ലഭിക്കുന്നത്. മാസം 50 ലക്ഷത്തോളമാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്. ഓഫീസിൽ ഡിജിറ്റൽ മാർക്കറ്റിംഗിന് മാത്രമായി അഞ്ച് സ്റ്റാഫുകൾ ഉണ്ട്. മാനുഫാക്ചറിംഗ് മേഖലയിൽ ഒത്തിരി പേർ ജോലി ചെയ്യുന്നുണ്ട്. ഓർഡറുകൾ മുഴുവൻ വരുന്നത് സോഷ്യൽ മീഡിയയിൽ നിന്നാണ്.
ഇന്ന് അഞ്ചു സാമ്പത്തികഭദ്രതയിൽ എത്തിനിൽക്കുന്നു. ഭൂമിക വേദിക്സിനെ അടുത്ത പടിയിലേക്ക് ഉയർത്താനുള്ള പരിശ്രമത്തിലാണ് അഞ്ചു. ഭൂമിക വേദിക്സിലേക്ക് 50 ഓളം പ്രോഡക്ടുകൾ കൂടി ചേർക്കാൻ ഒരുങ്ങുകയാണ്. അതോടെ അഞ്ചു എന്ന സംരംഭകയും ഭൂമികവേദിക്സും അതിൻറെ ആകാശത്തോളം ഉയർന്ന ലക്ഷ്യങ്ങളെ എത്തിപ്പിടിക്കാൻ യാത്ര തുടങ്ങും