തേങ്ങാപ്പാൽ ചേർത്ത വിഭവങ്ങളാണ് കേരളീയർ കൂടുതലായി ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതും.
എന്നാൽ തേങ്ങ പൊതിക്കുക. ചിരവുക, അതിൽ നിന്ന് പാല് പിഴിഞ്ഞെടുക്കുക, എന്നിട്ട് കറികളിലും പായസത്തിലും ചേർക്കുക എന്നതെല്ലാം മെനക്കെട്ട പണിയാണ്. ഈ തേങ്ങ പാൽ ആവശ്യമാണെന്ന ഒരൊറ്റ കാരണത്താൽ പല പായസം പ്ലാനുകളും തിരക്കുള്ള വീട്ടമ്മമാർ വേണ്ടെന്നു വയ്ക്കാറുണ്ട്. അതിനെല്ലാം ഒരു പരിഹാരമായി നല്ല കട്ടിതേങ്ങപ്പാൽ മലയാളിയുടെ വീട്ടിലെത്തിക്കുന്ന സംരംഭകയണ് സുമില ജയരാജ്.
സുമില ജയരാജ്, തൃശ്ശൂർ ജില്ലയിലെ ഏങ്ങൂരിൽ ഒരു ഇന്റഗ്രേറ്റഡ് കോക്കനട്ട് യൂണിറ്റ് നടത്തുന്നു. 10 വർഷമായി ഈ ഫീൽഡിൽ ഉണ്ട്. കേരളത്തിൽ നിന്നുകൊണ്ടു തന്നെ നാളികേരപ്പാലും നാളികേര പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വെർജിൻ ഓയിൽ അടക്കം അതുമായി ബന്ധപ്പെട്ട എട്ടു പ്രോഡക്ടുകൾ ഉണ്ടാക്കുന്നുണ്ട്. റിസേർച്ച് ആൻഡ് ഡെവലപ്മെൻറ് നടക്കുന്നതിനാൽ കൂടുതൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഗ്രീൻ നട്ട്സ് എന്ന പേരിൽ 2012 ലാണ് ഈ സംരംഭത്തിന്റെ തുടക്കം. സുമിലയുടെ പഠനം ഇതുമായി ബന്ധമുള്ള യാതൊന്നും ആയിരുന്നില്ല. ഒരു ഇഷ്ടത്തിന്റെ പുറത്താണ് ഈ സംരംഭം തുടങ്ങിയത്. ബിസിനസ് ബാഗ്രൗണ്ട് ഒന്നും സുമിലയ്ക്കുണ്ടായിരുന്നില്ല. പിന്നീട് കിട്ടിയ ഫീഡ്ബാക്കുകളിൽ നിന്നാണ് ഇതിൻറെ പ്രാധാന്യവും സാധ്യതയും മനസ്സിലാക്കിയത്. അതോടെ ഈ മേഖലയെ കുറിച്ച് കൂടുതൽ പഠിച്ചു. നേടിയെടുത്ത അറിവുവെച്ചു സംരഭം വിപുലീകരിച്ചു.
വെറും എട്ടുമാസം മാത്രം ജോലി ചെയ്യാമെന്ന് ആശയത്തിലാണ് നാളികേര ഉത്പന്നങ്ങളുടെ മേഖലയിൽ ജോലിതുടങ്ങിയത്. അത് തനിക്ക് ശോഭിക്കാൻ സാധിക്കുന്ന മേഖലയാണെന്ന് മനസിലാക്കി പിന്നീട് ഒരു സംരംഭമായി വികസിപ്പിക്കുകയായിരുന്നു.
യൂണിറ്റിൽ നിന്നും തേങ്ങാപ്പാൽ കൂടുതലായും കൊണ്ടുപോകുന്നത് കാറ്ററിങ് ആവശ്യക്കാരാണ്. ഇന്ത്യ മാർട്ടിലും ആമസോണിലും ആണ് കൂടുതലായും സുമിലയുടെ ഉത്പന്നങ്ങൾ വില്കപ്പെടുന്നത്. അതുമാത്രമല്ല ഇന്ത്യ മുഴുവൻ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. യു എസിലേക്ക് നേരിട്ട് എക്സ്പോർട്ടും നടത്തുന്നുണ്ട്.
ഉത്പന്നങ്ങൾ നിർമിക്കാൻ ആവശ്യമായ നാളികേരം സാധാരണ നാട്ടിൽ നിന്ന് തന്നെയാണ് ശേഖരിക്കുന്നത്. പല ആളുകളും നാളികേരം യൂണിറ്റിൽ കൊണ്ടുവന്ന് തരും. ചിലയിടത്ത് പോയി കളക്ട് ചെയ്യും. 11 മാസം മൂപ്പുള്ള നാളികേരമാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനായി തിരഞ്ഞെടുക്കുന്നത്.
സി എഫ് ടി ആർ ഐ മൈസൂരിൽ നിന്നും കരസ്ഥമാക്കി. അതേ ടെക്നോളജി തന്നെയാണ് സംരംഭത്തിൽ ഉപയോഗിക്കുന്നത്. കൂടാതെ ഇതിനാവശ്യമായ സർട്ടിഫിക്കറ്റുകളും ഈ സ്ഥാപനം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഗുണമേന്മയുടെ കാര്യത്തിലും പരിശുദ്ധിയിലും ടെൻഷൻ വേണ്ട.
മൂന്നുപേരിൽ നിന്നായിരുന്നു തുടക്കം ഇപ്പോൾ അത് 11 പേരായി. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് ഈ സ്ഥാപനം പരിശ്രമിക്കുന്നത്.
തുടക്കക്കലാത്ത് വളരെ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ ഒരു സ്ഥലം കണ്ടെത്തിയായിരുന്നു തുടക്കം. കൂടുതൽ സ്ഥലം ആവശ്യമായപ്പോൾ ഒരു സ്ഥലം വാങ്ങി, യൂണിറ്റ് തുടങ്ങി. ഒന്നരകോടിയാണ് പ്രോജക്ടിൻറെ തുടക്കത്തിൽ മൂലധനം. അതിൽ 48% സ്വന്തമായും ബാക്കി ലോൺ എടുത്തുമാണ് തുടങ്ങിയത്.
ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം ഇഷ്ടത്തോടെ ചെയ്യുക എന്നതാണ് പ്രധാനം. അതുതന്നെയാണ് വിജയത്തിലെത്തിക്കുന്നതും. സ്ത്രീകൾ ഇത്തരം മേഖലകളിലേക്ക് കടന്നുവരണം സ്വന്തമായി ചെറിയൊരു സമ്പാദ്യമെങ്കിലും ഉണ്ടാകുന്നത് സ്ത്രീകളിൽ ആത്മവിശ്വാസം കൂട്ടും. ബിസിനെസ്സ് മേഖല ആർക്കും കടന്നുവരാവുന്ന ഇടമാണ്. നിങ്ങൾക്കും ഇവിടെ വിജയിക്കാനാകുമെന്ന് സുമില പറയുന്നു.