സ്വന്തം പാഷനെ കഠിനാധ്വാനത്തിലൂടെ പ്രൊഫഷനാക്കി, ആ സംരംഭത്തെ വിജയിപ്പിച്ചെടുത്ത ഒരു സംരംഭകയാണ് ഷെമീന. 44 സപ്ലികളുമായി എൻജിനീയറിങ് പഠനം കഴിഞ്ഞ് പുറത്തിറങ്ങി, പിന്നീട് സപ്ലികൾ എല്ലാം ക്ലിയർ ചെയ്തു, ബിസിനസിലേക്കെത്തി; ഇന്ന് 2500 സ്ഥാപനങ്ങൾ ഉപഭോക്താക്കളുള്ള ‘കോഡ് മീ’യുടെ സാരഥി കൂടിയാണ് ഷെമീന.
കോഴിക്കോട് മുക്കത്തിനടുത്ത് നിന്നാണ് ഷെമീന ബിസിനെസ്സ് ലോകത്തേക്ക് വരുന്നത്. ആറ് പെൺകുട്ടികൾ ഉള്ള വീട്ടിലാണ് ഷെമീന ജനിച്ചു വളർന്നത്. കർഷക കുടുംബമായിരുന്നു ഷെമീനയുടേത്. കംപ്യൂട്ടർ സയൻസിൽ എൻജിനിയറിങ് കഴിയുമ്പോൾ 44 സപ്ലൈ ഉണ്ടായിരുന്നു ഷെമീനയ്ക്ക്. എന്നാൽ ആദ്യ തവണ തന്നെ ഒറ്റയടിക്ക് 44 സപ്പ്ളിയും എഴുതിയെടുത്ത് ‘തന്നെക്കൊണ്ട് വിജയിക്കാൻ പറ്റും’ എന്ന് ഉറപ്പുവരുത്തിയാണ് ഷെമീന ബിസിനസിലേക്കുള്ള ആദ്യ ചുവടുവെച്ചത്.
ക്യാമ്പസ് ഇൻറർവ്യൂ വഴി കമ്പ്യൂട്ടർ സയൻസിൽ എൻജിനീയറായി ടിസിഎസിൽ ജോലി കിട്ടി. എന്നാൽ രണ്ടുമാസം മാത്രം നീണ്ടുനിന്ന ഒരു കരിയർ ആയിരുന്നു അത്. സംരംഭം തന്നെയായിരുന്നു എപ്പോഴും മനസ്സിൽ. കോളേജിൽ പഠിക്കുമ്പോൾ തന്നെ കോളേജിനു വേണ്ടി ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരുന്നു. വെബ്സൈറ്റ് സോഫ്റ്റ്വെയർ നിർമാണമേഖലയിൽ എന്തെങ്കിലും ചെയ്യാനായിരുന്നു പ്ലാൻ. അതിനു വേണ്ട സ്കിൽ ഉണ്ടാക്കിയെടുക്കാൻ തന്നെ ഷെമീന തീരുമാനിച്ചു.
കൂടുതൽ പഠിക്കാനും ഒരു സംരംഭകയാകാനും ഷമീനയ്ക്ക് താല്പര്യമുണ്ടായിരുന്നു. കമ്പ്യൂട്ടർ ബേസ് ചെയ്തുള്ള എന്തെങ്കിലും ഒരു സോഫ്റ്റ്വെയർ സ്കിൽ നേടിയെടുക്കാൻ തീരുമാനിച്ച ഷമീന അതിനായി ഒരു സ്ഥാപനവും കാനെത്തി. അവിടെ കോഴ്സിന് ചേരാനായി 25000 രൂപ വീട്ടിൽ നിന്നും നൽകി. 3000 രൂപ നൽകി അഡ്മിഷനും എടുത്തുവെങ്കിലും ഒരാഴ്ചക്കുള്ളിൽ അവിടുത്തെ പഠനവും അവസാനിപ്പിച്ചു. ബാക്കി വന്ന ഇരുപതിനായിരം രൂപ കൊടുത്ത ഒരു ലാപ്ടോപ്പ് വാങ്ങി. ബിസിനെസ്സിലെ ഫസ്റ്റ് ഇൻവെസ്റ്റ്മെന്റ് ആയിരുന്നു ആ ലാപ്ടോപ്പ്.
പിന്നീട് ഒരു സുഹൃത്തിൻറെ സഹായത്തോടെ മൂന്നുമാസം കൊണ്ട് തന്നെ ടെക്നോളജി പഠിച്ചെടുത്തു. ചെറിയ വർക്കുകൾ ഫ്രീലാൻസായി ഏറ്റെടുത്തു ചെയ്തു തുടങ്ങി. കോഴിക്കോട് പുതിയ സ്റ്റാൻഡ് ആയിരുന്നു ആദ്യ ഓഫീസ്. രണ്ട് സുഹൃത്തുക്കൾ കൂടെ ബിസിനസിലേക്കെത്തി. കിട്ടുന്നത് തുല്യമായി വീതിക്കാമെന്നായിരുന്നു പ്ലാൻ. വർക്ക് ഫ്രം ഹോം ആയിട്ടായിരുന്നു സംരംഭം ആരംഭിച്ചത്. അങ്ങനെ കുറച്ചു പ്രോജക്ടുകൾ കിട്ടിയപ്പോൾ ഒരു കുഞ്ഞു ഓഫീസ് എടുത്ത് അവിടെയാക്കി ജോലി.
12000 രൂപയായിരുന്നു ആദ്യത്തെ ഓഫീസിന്റെ വാടക. പ്രോജക്ടുകൾ മാത്രമല്ല കുറച്ചു പേരെ ടെക്നോളജി പഠിപ്പിക്കാനും ആ ഓഫീസ് ഉപയോഗിച്ചു. കുറച്ചു പൈസ കിട്ടിയാൽ പോലും സേവ് ചെയ്യുന്ന ഒരു പ്രകൃതമായിരുന്നു ഷമീനയുടെത്. മൂന്ന് പേരിൽ നിന്നും ടീം പത്തുപേരിലേക്ക് ഉയർന്നു. ഒരു വലിയ ഓഫീസിലേക്ക് മാറേണ്ടി വന്നു. ടീം വലുതായതോടെ ഒരു ഇആർപി സൊലൂഷൻ ഉണ്ടാക്കാൻ കഴിയും എന്ന രീതിയിൽ എത്തി. എക്സിമോ ടെക്നോളജി എന്ന് പേരിൽ ഒരു റെജിസ്റ്റർചെയ്യാത്ത കമ്പനിയായി ഷെമീനയുടെ സംരഭം വളരാൻ തുടങ്ങി.
പിന്നെ പണ്ടത്തെ കടം; അത് ഒരു വർഷം കൊണ്ട് മുക്കാൽ ഭാഗവും വീട്ടി. ഇന്ന് കടമോ സാമ്പത്തിക ബാധ്യതയോ കമ്പനിക്ക് ഇല്ല. പലതവണ ഉയരങ്ങളിൽ നിന്ന് ഷെമീന താഴെ വീണു. എന്നിട്ടും തളരാതെ ഷെമീന വീണ്ടും എഴുന്നേറ്റു. ഇന്ന് ഉയർന്നു പറക്കുന്നു
ആ സമയത്ത് ഷെമീനയ്ക്ക് ഒരു വലിയ ആക്സിഡന്റ് ഉണ്ടായി. സംസാരിക്കാൻ പറ്റാതെയായി, ആരുമായും ഒന്നും കോൺടാക്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥ. കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാനും ബുദ്ധിമുട്ടുണ്ടായിരുന്നു. അതോടെ കമ്പനി തകരാൻ തുടങ്ങി. സ്റ്റാഫുകൾ ഓരോരുത്തരായി കൊഴിഞ്ഞുപോയി. എട്ടുമാസം വീട്ടിൽ തന്നെയായിരുന്നു. ആരെയും കാണാതെ ഡിപ്രഷൻ സ്റ്റേജിൽ വരെ എത്തി. എങ്കിലും തോൽക്കാൻ അപ്പോഴും ഷെമീനയ്ക്ക് മനസ്സിലായിരുന്നു. ‘പരിശ്രമിക്കുക, കഴിയും’ എന്നെല്ലാം സ്വന്തമായിപറഞ്ഞു തന്നെത്തന്നെ ഷെമീന മോട്ടിവേറ്റ് ചെയ്തു’
വീട്ടുകാരുടെ ആഗഹപ്രകാരം ബിസിനെസ്സ് പൂർണമായി വിട്ട് വീണ്ടും ജോലിക്ക് കയറാൻ നോക്കി. പക്ഷേ ഷെമീനയ്ക്ക് ജോലി ചെയ്യുമ്പോൾ ഒരു ആത്മസംതൃപ്തി കിട്ടിയിരുന്നില്ല. ബിസിനസ് തന്നെയാണ് തൻറെ വഴിയെന്ന് ഷമീന മനസ്സിലാക്കിയ സന്ദർഭമായിരുന്നു അത്. എന്നാൽ ആ സമയത്ത് ഒരു ഓഫീസ് എടുക്കാനുള്ള പൈസയൊന്നും കയ്യിലില്ലായിരുന്നു. ഷെയർ സ്പേസ് എന്ന ഒരു സംവിധാനത്തിൽ രണ്ടു സീറ്റുകൾ എടുത്തിട്ടാണ് വീണ്ടും ബിസിനസ് യാത്ര ഷെമീന തുടങ്ങുന്നത്.
കൂടുതലായി ബിസിനസിനെ പഠിച്ചു. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി പ്രോജക്ടിനു വിലയിട്ടു. നിറയെ പ്രൊജെക്ടുകൾ കിട്ടാൻ തുടങ്ങി. ആ സമയത്ത് ഒരു പാർട്ണർ കൂടി ഷെമീനയുടെ ബിസിനസ്സിലേക്ക് വന്നു. അതിനുശേഷം 20 ലക്ഷത്തോളം രൂപ ഇൻവെസ്റ്റ്മെന്റ് ലഭിച്ചു. എന്നാൽ അയാൾക്ക് ഉണ്ടായ ചില സാമ്പത്തിക പ്രശ്നങ്ങളിൽ കമ്പനികൂടി പെട്ടുപോയി. കോടതി നോട്ടീസും സാമ്പത്തിക ബാധ്യതയും കമ്പനിക്ക് വന്നുചേർന്നു. അത് ഏകദേശം ഒരു കോടി 18 ലക്ഷം രൂപയുണ്ടായിരുന്നു. ഓഫീസിന്റെ വാടക കുറെ മാസത്തെ കൊടുക്കാൻ ഉണ്ടായിരുന്നതിനാൽ ഒരു സുപ്രഭാതത്തിൽ ഓഫീസിൽ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.
വീണ്ടും പൂജ്യത്തിൽ നിന്ന് ബിസിനസ് തുടങ്ങേണ്ട അവസ്ഥയിൽ എത്തി ഷെമീന. പൂട്ടിക്കിടക്കുന്ന മറ്റൊരു ഓഫീസ് കുറഞ്ഞ വാടകയ്ക്ക് ഭാഗ്യവശാൽ ഷെമീനയ്ക്ക് കിട്ടി. വീണ്ടും ഒന്നിൽ നിന്ന് തന്നെ തുടങ്ങാൻ ഷമീന തീരുമാനിച്ചു. ബിസിനസിൽ പാർണർഷിപ്പ് വേണ്ടെന്നും ആ അനുഭവം ഷെമീനയെ പഠിപ്പിച്ചിരുന്നു. അങ്ങനെ വീണ്ടും കഠിനധ്വാനത്തിലൂടെ നഷ്ടപ്പെട്ടതിന്റെ മൂന്നിരട്ടി വരെയുള്ള ഒരു ബിസിനസിലേക്ക് ഷമീന തിരിച്ചെത്തി.35 പേരാണ് ഇപ്പോൾ ടീമിൽ ഉള്ളത്. 2500 ഓളം ക്ലൈൻഡുകൾ ഇന്ത്യയിലും വിദേശത്തുമായി ഷെമീനയുടെ കമ്പനിക്കുണ്ട്. ഷെമീന തുടങ്ങിയ സംരംഭം ഇന്ന് സ്കിൽസ് പഠിപ്പിക്കുന്ന, സ്കില് ഡെവലപ്മെൻറ് ഉണ്ടാക്കുന്ന ഒരു കമ്പനിയാണ്. പന്ത്രണ്ട് കോഴ്സുകളാണ് ‘കോഡ് മീ’ നൽകിവരുന്നത്. സർട്ടിഫിക്കറ്റ് കോഴ്സ് പ്ലേസ്മെന്റ് കോഴ്സും നൽകിവരുന്നുണ്ട്. ബിടൂബിയ്ക്കും ബിറ്റുസിയ്ക്കും ആവശ്യമുള്ള സ്കിൽ നൽകുന്നുണ്ട്. ‘ഡാറ്റാ സയൻസ് വിത്ത് എംബിഎ’ എന്ന പേരിൽ കോഡ് മീ കോളേജുകളുമായി യോജിച്ച് ഒരു കോഴ്സ് നടത്തുന്നുണ്ട്. 40 ഓളം സീറ്റാണ് ഇതിലുള്ളത്.