ഒരു സംരംഭം തുടങ്ങാൻ പ്രായപരിധിയില്ലെന്ന് തെളിയിച്ചൊരു കുട്ടി സംരംഭകനാണ് അൻഫാൽ.
അൻഫാലിനു 16 വയസ്സാണ് പ്രായം. എറണാകുളത്ത് പ്ലസ്ടുവിന് പഠിക്കുന്നു. മൊബൈൽ കവർ ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഈ കുട്ടി സംരംഭകൻ.
തടിയുടെ ഇംപോർട്ടിംഗ് ബിസിനസാണ് അൻഫാലിന്റെ അച്ഛന്റെ ജോലി. ബിസിനസ് മേഖലയിലെ ഏക പരിചയവും അതായിരുന്നു. ബിസിനസ് ഫാമിലിയിൽ നിന്നായതുകൊണ്ട് തന്നെ വളരെ ചെറുപ്പം മുതലേ ബിസിനസിനോട് താല്പര്യമുണ്ടായിരുന്നു. 9 വയസ്സ് മുതലേ അച്ഛൻറെ ഓഫീസിൽ പോയിരുന്ന് സഹായിക്കുമായിരുന്നു. 11 വയസ്സ് മുതൽ ബിസിനസ് റിലേറ്റഡായ പുസ്തകങ്ങൾ വായിക്കാനും വീഡിയോകളും കാണാനും തുടങ്ങി. ബിസിനസ് രംഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ വളരെ ഇഷ്ടമായിരുന്നു.
അൻഫാലിനു 14 വയസ്സുള്ളപ്പോഴാണ് എല്ലാവരെയും വീട്ടിലിരുത്തിയ ലോക്ക് ഡൗൺ സംഭവിച്ചത്. ആ സമയത്ത് തന്നെയാണ് അൻഫാൽ സംരംഭം തുടങ്ങുന്നതും. ഒരു മാസം 500 രൂപയെങ്കിലും ഉണ്ടാക്കുക എന്നതായിരുന്നു തുടക്കത്തിലെ ലക്ഷ്യം. പ്ലസ്ടു ആകുമ്പോഴേക്കും പതിനായിരം രൂപ മാസം ഉണ്ടാക്കണം എന്നതായിരുന്നു മനസ്സിലെ ഉദ്ദേശം. അതിനായി ഒമ്പതം ക്ലാസ്സിൽ പഠിക്കുമ്പോൾ മൊബൈൽ കവറിന്റെ ബിസിനസ് തുടങ്ങി.
കൊച്ചിയിലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് മൊബൈൽ കവർ വാങ്ങി ഇൻസ്റ്റാഗ്രാം പേജിലൂടെ വിൽക്കുന്നതായിരുന്നു ആദ്യ സംരംഭം. അച്ഛൻറെ സ്ഥാപനത്തിൻറെ പേരിനോട് സാമ്യമുള്ള ‘യുണൈറ്റഡ് സ്റ്റോഴ്സ്’ എന്നായിരുന്നു ആദ്യ സംരംഭത്തിന്റെ പേര്. മൂലധനം ആകട്ടെ 150 രൂപയും.
ആദ്യമായി വിറ്റത് 10 മൊബൈൽ കവർ ആയിരുന്നു. അതിൽനിന്ന് 500 രൂപ ലാഭം കിട്ടി. അങ്ങനെ ആദ്യലക്ഷ്യം തുടക്കത്തിൽ തന്നെ നേടിയെടുത്തു. അച്ഛൻ ബിസിനസിന് നല്ല സപ്പോർട്ട് ആയിരുന്നു നൽകിയിരുന്നത്. പഠിച്ചാൽ മതി കൂടെ ബിസിനസും ചെയ്തോളൂ എന്നതായിരുന്നു അച്ഛൻറെ ഉപദേശം. മൂന്നുമാസത്തിനുള്ളിൽ 10000 രൂപയുടെ ലാഭം കിട്ടിയ സംരംഭം ആയിരുന്നു ഈ മൊബൈൽ കവർ ബിസിനസ്.
എന്നാൽ അത് കഴിഞ്ഞ് ഒരു അബദ്ധം പറ്റി. ഈ ബിസിനസ് ഒന്ന് വിപുലീകരിക്കാൻ തീരുമാനിച്ചു. അതിനായി മുംബൈയിൽ നിന്ന് ഒരു ബൾക്ക് ഓർഡർ എടുക്കാൻ ഒരാളെ സമീപിച്ചു. അയാൾക്ക് 10000 രൂപ നൽകുകയും ചെയ്തു. എന്നാൽ സാധനം കിട്ടിയില്ലെന്നു മാത്രമല്ല 10000 രൂപ അയാൾ പറ്റിച്ചു കൊണ്ടുപോവുകയാണ് ഉണ്ടായത്. അത് വലിയൊരു തിരിച്ചറിവ് ആയിരുന്നു. വീണ്ടും പൂജ്യത്തിൽ നിന്ന് ബിസിനെസ്സ് ആരംഭിച്ചു.
പരാജയപ്പെട്ടിരിക്കാൻ അൻഫാൽ തയ്യാറല്ലായിരുന്നു. ഒരു പ്രസിദ്ധ വ്ലോഗറുടെ സഹായത്തോടെ വീണ്ടും മാർക്കറ്റിലേക്ക് ഇറങ്ങി. ഒറ്റദിവസം കൊണ്ട് 1000 വിളികൾ അൻഫാലിനെ തേടിയെത്തി. ആ പുതിയ തുടക്കത്തിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. അതൊരു ബിസിനെസായി തുടങ്ങാൻ അതോടെ തീരുമാനിച്ചു.
അച്ഛൻറെ ഓഫീസിലെ ഒരു മുറിയിലായിരുന്നു ആദ്യമായി ഓഫീസ് തുടങ്ങിയത്. കുറച്ചു സ്റ്റാഫിനെയും വെച്ചു. മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്. കേരളത്തിലെ മാർക്കറ്റ് കൊണ്ടുവന്ന വിൽക്കുകയാണ് ചെയ്യുന്നത്. പതിനാറാം വയസ്സിൽ അച്ഛനെയും അമ്മയെയും പാർട്ണസാക്കി മൈനർ പാർട്ണറായി അൻഫാലും ചേർന്ന് ‘യുണൈറ്റഡ് സ്റ്റോർ’ എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തു. ജി എസ് ടി രജിസ്ട്രേഷനും എടുത്തു. തുടക്കത്തിൽ എല്ലാം സ്വന്തമായി തന്നെയാണ് ചെയ്തിരുന്നത്. ഇപ്പോൾ കമ്പനി മോണിറ്ററിംഗ് മാത്രമേ ചെയ്യേണ്ട ആവശ്യമേയുള്ളൂ. കൂടെ നിൽക്കാൻ നല്ല സ്റ്റാഫും ഉണ്ടെന്നതാണ് ഏറ്റവും വലിയ കാര്യം.
വളരെ ചെറുപ്പത്തിൽ തന്നെ ഒരു സംരംഭകൻ ആയെങ്കിലും പഠനം ഉപേക്ഷിക്കാൻ തയ്യാറല്ല അൻഫാൽ. സംരംഭം ഉയർന്നു നിൽക്കുമ്പോഴും പഠനവും അതിനോടൊപ്പം തന്നെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. തൻറെ കമ്പനിയുടെ വളർച്ചയ്ക്കൊപ്പം മികച്ച വിദ്യാഭ്യാസം നേടാനുള്ള പരിശ്രമത്തിലാണ് ഈ പതിനേഴു വയസ്സുകാരൻ. തുണി എക്സ്പോർട്ടിങ് കമ്പനി തുടങ്ങാനാണ് ഭാവിയിലെ പ്ലാൻ. ഏഴു വർഷത്തെ സമയം അതിനെ എടുക്കും എന്നാണ് അൻഫാലിന്റെ കണക്കുകൂട്ടൽ. അതിനുള്ളിൽ അതിന് ആവശ്യമായ വിദ്യാഭ്യാസവും അറിവും നേടിയെടുക്കണം. എങ്ങനെ ആ ബിസിനസ് തുടങ്ങണമെന്നും ഇപ്പോഴേ അൻഫാലിന് ധാരണയുണ്ട്. മുന്നോട്ടുള്ള യാത്രയെക്കുറിച്ച് കൃത്യമായ വീക്ഷണമുള്ള കുട്ടി ബിസിനസ് മാനാണ് അൻഫാൽ.