ഒരു ഡോക്ടർ വിചാരിച്ചാൽ ഒരുപാട് ഡോക്ടർമാരെ ഉണ്ടാക്കാൻ ആകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡോ. അനന്തു.
NEET, JEE, KEAM തയ്യാറെടുപ്പുകൾക്കുള്ള പ്രമുഖ പഠന പ്ലാറ്റ്ഫോമായ സൈലം ലേണിംഗിന്റെ സ്ഥാപകനും സിഇഒയുമാണ് ഡോ. അനന്തു എസ്. ചെറിയ പ്രായത്തിൽ, ചെറിയ തുടക്കത്തിലൂടെ ആരംഭിച്ച ഈ സ്ഥാപനത്തിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഡോക്ടർമാരും എഞ്ചിനീയർമാരും ആകാനുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അനന്തു സഹായിച്ചിട്ടുണ്ട്.
ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയാണ് അനന്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നാണ് അനന്തു വരുന്നത്. അസുഖക്കാരനായ അച്ഛനോടൊപ്പം ആശുപത്രികൾ കയറിയിറങ്ങിയ കുട്ടികാലത്ത് കണ്ട് ശീലിച്ച ഡോക്ടർമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഒരു ഡോക്ടർ ആകണമെന്ന് മോഹം മനസ്സിൽ തോന്നിയത്.
പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് ഇല്ലായിരുന്നുവെങ്കിലും, ഡോക്ടർ ആവുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. പ്ലസ് വണ്ണിലും പ്ലസ്ടുവിനും രാപകൽ ഇല്ലാതെ അതിനായി പരിശ്രമിച്ചു. ബോർഡ് എക്സാം നല്ല മാർക്കോടെ പാസായി. മെഡിസിൻ എൻട്രൻസിൽ 91ആം റാങ്ക് ലഭിച്ചു. എൻട്രൻസിനു ശ്രമിക്കുമ്പോൾ തന്നെ എൻട്രൻസ് കോച്ചിങ്ങുകളിൽ ക്ലാസുകൾ എടുത്തിരുന്നു. അതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് തന്നെയാണ് തുടർ പഠനത്തിന് തിരഞ്ഞെടുത്തത്.
ചോർന്നൊലിക്കുന്ന ഒരു ഒറ്റമുറി വീടായിരുന്നു അന്ന് അനന്തുവിന് സ്വന്തമായി ഉണ്ടായിരുന്നത്. സ്വന്തമായൊരു അടച്ചുറപ്പുള്ള വീട് ഉണ്ടാക്കാനായിരുന്നു ആദ്യത്തെ പരിശ്രമം. അന്നൊരു ഹോസ്റ്റലിലെ വാർഡനായി പ്രവർത്തിക്കുകയായിരുന്നു അനന്തു. രാവിലെ കോളേജിൽ ക്ലാസുകൾ, അതുകഴിഞ്ഞ് എൻട്രൻസ് കോച്ചിങ്ങിന് ക്ലാസ് എടുത്തുകൊടുക്കൽ, പിന്നീട് ഹോസ്റ്റൽ വാർഡൻ ജോലി, അങ്ങനെ കഠിനാധ്വാനം ചെയ്തത് ആ സ്വപ്നം സാക്ഷാത്കരിച്ചു. 600 ദിവസംകൊണ്ടാണ് അനന്തു വീടുപണി പൂർത്തിയാക്കിയത്. അതങ്ങ് പത്രത്തിൽ ഒക്കെ അന്ന് വാർത്തയായി.
‘പഠിപ്പിക്കുക’ എന്നതാണ് തന്റെ പാഷൻ എന്ന് തിരിച്ചറിയുകയായിരുന്നു അനന്തു. പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആദ്യം മുതലേ വ്യക്തതയുണ്ടായിരുന്നു. എൻട്രൻസിന് ചോദ്യങ്ങൾ എവിടെ നിന്ന് വരുമെന്നും അനന്തുവിന് നന്നായി അറിയാമായിരുന്നു. അതിനാൽ തന്നെ വിദ്യാർത്ഥികൾ അനന്തുവിൻറെ ക്ലാസുകൾ നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. ഈ വിശ്വാസത്തിൽ നിന്നാണ് നൂറ് പേർക്ക് ഒരു ഓഫ്ലൈൻ ക്ലാസ്സ് കൊടുക്കുന്നതിനേക്കാൾ നല്ലത് ആയിരങ്ങളോളം പേർക്ക് ഓൺലൈനിൽ കോഴ്സ് എടുക്കുന്നതാണെന്ന് അനന്തു ചിന്തിച്ചത്. ഇതെല്ലാം കോവിഡ് വന്ന് എല്ലാവരും വീട്ടിൽ ഇരിക്കുന്നതിന് വളരെ മുൻപായിരുന്നു.
അദ്ധ്യാപകൻ, സംരംഭകൻ എന്നീ നിലകളിൽ ഡോ. അനന്തുവിന്റെ വിജയം, വിദ്യാർത്ഥികളെ വിജയിപ്പിക്കാനുള്ള അർപ്പണബോധത്തിന്റെയും അഭിനിവേശത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ്.
2018-ൽ, വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഒരു ഹോളിസ്റ്റിക് ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ ഡോ. അനന്തു സൈലം ലേണിംഗ് ആപ്പിന്റെ നിർമാണത്തിന് തുടക്കംകുറിച്ചു. എന്നാൽ ആ ആപ്പിനു പിന്നാലെ പോയി 2020 ആകുമ്പോഴേക്കും 30 ലക്ഷം രൂപ കടമാണ് ഉണ്ടായത്. സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി ജോലി ഉപേക്ഷിച്ചിരുന്നതിനാൽ തന്നെ വരുമാനവും ഇല്ലാതായി.
ആ സമയത്താണ് ഒരു ഓഫ്ലൈൻ ക്ലാസ്സ്; ഒരു ക്രാഷ് കോഴ്സ് സ്കൂൾ കെട്ടിടം വാടകയ്ക്ക് എടുത്ത് നടത്താം എന്ന ആശയം മനസിലുദിച്ചത്. പത്രത്തിൽ പരസ്യം കൊടുക്കാൻ ഒന്നും അന്ന് കയ്യിൽ കാശിലായിരുന്നു. അതിനാൽ തന്നെ അടുത്തുള്ള എല്ലാ സ്കൂളുകളും കയറിയിറങ്ങി മാർക്കറ്റിംഗ് നടത്തി. ക്ലാസിനായി 180 കുട്ടികളെയും കണ്ടെത്തി. പക്ഷേ ക്ലാസ് തുടങ്ങേണ്ട ദിവസം കോവിഡ് വന്ന് ലോക്ക് ഡൗൺ ആയി. അതിൽ അഡ്മിഷൻ എടുത്ത പലരും പൈസ തിരിച്ചു ചോദിക്കാനും ഇനി ക്ലാസ്സ് എടുക്കാനാകില്ലെന്നും പറഞ്ഞു. എന്നാൽ ഓഫ്ലൈൻ ക്ലാസിനേക്കാൾ നല്ലത് ഓൺലൈൻ ആണെന്നും അതിനുള്ള ആപ്പും ശരിയായിരുന്നതിനാൽ അതിലേക്ക് കുട്ടികളെ കൊണ്ടുവരാൻ അനന്തു ശ്രമിച്ചുകൊണ്ടിരുന്നു. കുട്ടികളിൽ മിക്കവരെയും ഓൺലൈൻ ക്ലാസിലേക്ക് മാറ്റി.
ലോക്ക് ഡൗൺ സമയത്ത് സൈലം ലേണിങ് ആപ്പും ഒരു യൂട്യൂബ് ചാനലും തുടങ്ങി. ഓൺലൈനിൽ 600 കുട്ടികളായിട്ടായിരുന്നു തുടക്കം. അതോടൊപ്പം സംരംഭമായി ‘സൈലം’ മുന്നോട്ടു കൊണ്ടു പോകാൻ തീരുമാനിച്ചു. നല്ലൊരു ടീം ബിൽഡ് ചെയ്യുകയായിരുന്നു അടുത്ത കടമ്പ. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അഞ്ചുപേർ അടങ്ങുന്ന ഒരു കോർ ടീമിനെ ആദ്യം രൂപീകരിച്ചു. കുട്ടികളിൽ നിന്ന് ഒരു രൂപ കിട്ടിയാൽ രണ്ട് രൂപയുടെ അറിവ് തിരിച്ചു കൊടുക്കും എന്നതാണ് തുടക്കം മുതലേ സൈലത്തിൻറെ മുദ്രാവാക്യം.
5000 രൂപയ്ക്കാണ് തുടക്കത്തിൽ ക്രാഷ് കോഴ്സുകൾ കൊടുത്തു തുടങ്ങിയത്. ഇന്നും അത് തുടരുന്നു. കോഴിക്കോടാണ് സൈലത്തിൻറെ കോർപ്പറേറ്റ് ഓഫീസ്. ഒറ്റയാൾ പോരാട്ടത്തിൽ തുടങ്ങിയ പഠിപ്പിക്കൽ മാമാങ്കത്തിൽ ഇന്ന് 200ഓളം അധ്യാപകരുണ്ട്. സൈലം കമ്പനിയോട് ചേർന്ന് 800ഓളം ജോലിക്കാരുണ്ട്. 50000ത്തോളം കുട്ടികൾ സൈലം ആപ്പിൽ പഠിക്കുന്നു. നാല് ലക്ഷത്തോളം ഡൗൺലോഡ് തന്നെയുണ്ട്. 12ഓളം യൂട്യൂബ് ചാനലുകളിൽ സൈലത്തിൻറെ കണ്ടന്റ് ലഭ്യമാണ്. 50 ലക്ഷത്തോളം സബ്സ്ക്രൈബേർസ് ഉണ്ട്. 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്കായി ഫൗണ്ടേഷൻ കോഴ്സുകളും ട്യൂഷൻ ക്ലാസുകളും ഇന്ന് സൈലത്തിൻറെതായിട്ടുണ്ട്. എല്ലാ ജില്ലകളിലും സൈലത്തിന്റെ ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങാനാണ് ഇപ്പോൾ പരിശ്രമിക്കുന്നത്.
തത്സമയവും റെക്കോർഡു ചെയ്തതുമായ വീഡിയോ പ്രഭാഷണങ്ങൾ, പഠന സാമഗ്രികൾ, പ്രാക്ടീസ് ടെസ്റ്റുകൾ, മോക്ക് പരീക്ഷകൾ എന്നിവയുൾപ്പെടെ വിപുലമായ സവിശേഷതകൾ സൈലം ലേണിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൺലൈൻ ക്ലാസുകളുടെയും ഓഫ്ലൈൻ ക്ലാസുകളുടെയും ഒരു കോമ്പോയാണ് സൈലം നൽകുന്നത്. ഇത് തീർച്ചയായും ഏതൊരു കുട്ടിയെയും വലിയ മത്സര പരീക്ഷകൾ വിജയിക്കുന്നതിന് സഹായിക്കും